അഞ്ചാം പുറപ്പാട് ഭക്തിസാന്ദ്രം, നിർവൃതിയോടെ ഭക്തർ
കോഴഞ്ചേരി: ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ അഞ്ചാം ദിനത്തിൽ ഗരുഡ വാഹനത്തിലേറി എഴുന്നെള്ളിയ ഭഗവാനെ ദർശിച്ച് ഭക്തജനസഹസ്രം. ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഞ്ചാം പുറപ്പാടായാണ് പാർത്ഥസാരഥിയുടെ ഗരുഡ വാഹനത്തിൽ എഴുന്നെള്ളത്തിനെ വിശേഷിപ്പിക്കുന്നത്.
രാത്രി അത്താഴപൂജയ്ക്ക് ശേഷമാണ് ഗരുഡവാഹനം എഴുന്നെള്ളിപ്പ് നടന്നത്. ഗരുഡ വാഹനം എഴുന്നെള്ളിപ്പ് തെക്കേനടയിലേക്കാകുമ്പോൾ മാതാവ് കുന്തി ദേവിയോടൊപ്പം കാഴ്ച ദ്രവ്യങ്ങളുമായി മക്കൾ പഞ്ചപാണ്ഡവർ ശ്രീകൃഷ്ണ ദർശനത്തിനായി ഇവിടെ അദശ്വരായി കാത്തു നിൽക്കുമെന്നാണ് വിശ്വാസം. ഭഗവാന്റെ ഗരുഡവാഹനത്തിലേറിയുള്ള തെക്കോട്ടെഴുന്നെള്ളിപ്പ് ദർശിക്കുന്നത് പുണ്യമാണെന്നാണ് സങ്കല്പം. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ തടിയിൽ തീർത്ത രൂപത്തിൽ മുന്നോട്ട് നീട്ടിയ കൈകളും വശങ്ങളിൽ ചിറകുകളും ദംഷ്ട്രകളോട് കൂടിയ വായും ഗാംഭീര്യം തുടിക്കുന്ന മുഖവും കൊത്തുപണികളോട് കൂടിയ കിരീടവും ഒരുക്കിയാണ് ഗരുഡ വാഹനം. ഇതിൽ സ്വർണപ്രഭ, നവരത്നങ്ങൾ പതിച്ച മാലകൾ, താമരപതക്കം, സ്വർണത്തിലും വെള്ളിയിലും ഉള്ള പൂക്കൾ തുടങ്ങിയ അലങ്കാരങ്ങളുമായാണ് ഗരുഡവാഹനം അഞ്ചാം പുറപ്പാടിനെത്തിയത്. മയൂര നൃത്തവും വാദ്യമേള ഘോഷങ്ങളും അകമ്പടി സേവിച്ച എഴുന്നെള്ളത്തിന് ദീപങ്ങളൊരുക്കിയാണ് ഭക്തജനങ്ങൾ സ്വീകരണം ഒരുക്കിയത്. ഉത്സവബലി ആരംഭിച്ച ശേഷം ഇന്നലെ ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്.