ഈ ഏഴ് ഉത്പന്നങ്ങള്‍ക്ക് വന്‍ ഡിമാന്‍ഡ്; ഒഴുകുന്നത് ആയിരക്കണക്കിന് കോടി ഡോളര്‍

Friday 16 January 2026 12:09 AM IST

ഡിസംബറിലും കയറ്റുമതിയില്‍ ഉണര്‍വ്

കൊച്ചി: ആഗോള രാഷ്ട്രീയ, വ്യാപാര അനിശ്ചിതത്വങ്ങള്‍ മറികടന്ന് ഡിസംബറില്‍ ഇന്ത്യയുടെ കയറ്റുമതി കുതിച്ചുയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകളനുസരിച്ച് ഡിസംബറിലെ കയറ്റുമതി മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ 1.8 ശതമാനം വര്‍ദ്ധനയോടെ 3,851 കോടി ഡോളറായി. നവംബറില്‍ 3,813 കോടി ഡോളറായിരുന്നു. ഇലക്ട്രോണിക്സ് ഉത്പന്നങ്ങള്‍, എന്‍ജിനിയറിംഗ് ഗുഡ്സ്, മാംസ, ക്ഷീര, പോള്‍ട്രി ഉത്പന്നങ്ങള്‍, മരുന്നുകള്‍, സമുദ്രോത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതി ഉയര്‍ന്നു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസത്തില്‍ രാജ്യത്തെ ഉത്പന്ന കയറ്റുമതി 2.4 ശതമാനം ഉയര്‍ന്ന് 33,029 കോടി ഡോളറായി. വെല്ലുവിളികള്‍ തരണം ചെയ്ത് നടപ്പുസാമ്പത്തിക വര്‍ഷം ഉത്പന്ന, സേവന കയറ്റുമതി 85,000 കോടി ഡോളര്‍ കവിയുമെന്ന് കേന്ദ്ര വാണിജ്യ സെക്രട്ടറി രാജേഷ് അഗര്‍വാള്‍ പറഞ്ഞു.

ചൈന, യു.എഇ, റഷ്യ എന്നിവിടങ്ങളിലേക്ക് കയറ്റുമതി കൂടി. അമേരിക്കയുടെ 50 ശതമാനം തീരുവയുടെ തിരിച്ചടി വിപണി വൈവിദ്ധ്യവല്‍ക്കരണത്തിലൂടെയും വികസനത്തിലൂടെയും മറികടക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്ക വാങ്ങല്‍ കുറച്ചില്ല

ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ അമേരിക്കയിലേക്കുള്ള കയറ്റുമതി 9.75 ശതമാനം ഉയര്‍ന്ന് 6,588 കോടി ഡോളറിലെത്തി. അതേസമയം ഡിസംബറിലെ കയറ്റുമതി 689 കോടി ഡോളറായി കുറഞ്ഞു. നവംബറിലിത് 692 കോടി ഡോളറായിരുന്നു.

ഇറക്കുമതിയില്‍ കുതിപ്പ്

ഡിസംബറില്‍ ഇന്ത്യയിലേക്കുള്ള ഉത്പന്ന ഇറക്കുമതി മുന്‍വര്‍ഷം ഇതേകാലയളവിലെ 5,843 കോടി ഡോളറില്‍ നിന്ന് 6,355 കോടി ഡോളറായി കുതിച്ചുയര്‍ന്നു. ക്രൂഡോയില്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍, കാപ്പിറ്റല്‍ ഗുഡ്സ് എന്നിവയുടെ കയറ്റുമതിയിലാണ് വന്‍ വര്‍ദ്ധന.

വ്യാപാര കമ്മിയും ഉയരുന്നു

കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വിടവായ വ്യാപാര കമ്മി ഡിസംബറില്‍ 2,500 കോടി ഡോളറായി ഉയര്‍ന്നു. ഇറക്കുമതിക്ക് ആനുപാതികമായി കയറ്റുമതിയില്‍ കൂടാത്തതാണ് തിരിച്ചടിയായത്.

ചൈന ആശ്രയത്വമേറുന്നു

ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി 9,595 കോടി ഡോളറായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇക്കാലത്ത് ഇറക്കുമതി 8,457 കോടി ഡോളറായിരുന്നു. ഇലകട്രോണിക് ഗുഡ്സ്, മെഷിനറി, വ്യവാസായിക അസംസ്‌കൃത സാധനങ്ങള്‍ എന്നിവയാണ് ചൈനയില്‍ നിന്നും വാങ്ങുന്നത്.

മാംസ, ക്ഷീര, പോള്‍ട്രി ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ 30 ശതമാനം വര്‍ദ്ധന

ഡിസംബറിലെ സേവന കയറ്റുമതി

3,550 കോടി ഡോളര്‍