എസ്കോർട്ട് ആവശ്യപ്പെട്ടിട്ടില്ല: മന്ത്രി രാജേഷ്

Friday 16 January 2026 12:12 AM IST

തിരുവനന്തപുരം: എക്സൈസ് എസ്കോർട്ടിന് താനോ തന്റെ ഓഫീസോ യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് മന്ത്രി എം.ബി.രാജേഷ്. വളരെ വിചിത്രമായ വാർത്തയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

എക്സൈസ് കമ്മീഷണറുമായി നേരിട്ട് സംസാരിച്ചില്ല. എന്നാൽ തന്റെ ഓഫീസ് ബന്ധപ്പെട്ടിരുന്നു. ഇത്തരത്തിൽ ഒരുത്തരവും ഇറക്കിയിട്ടില്ലെന്നാണ് അദ്ദേഹം അറിയിച്ചത്. വാക്കാലുള്ള നിർദ്ദേശവും കൊടുത്തിട്ടില്ല. മൂന്നര വർഷമായി ഇല്ലാത്ത എസ്കോർട്ട് ഇപ്പോഴെന്തിന്..മന്ത്രി ജില്ലയിൽ വരുമ്പോൾ എൻഫോഴ്സ്‌മെന്റ് പുരോഗതി നേരിട്ട് ധരിപ്പിക്കണമെന്ന നിർദ്ദേശം മാത്രമാണത്രെ നൽകിയത്. വാർത്ത ആരെ ലക്ഷ്യം വച്ചാണെങ്കിലും മന്ത്രിയുടെ പേരു വലിച്ചിഴയ്ക്കുന്നത് ഗൗരവമുള്ള കാര്യമാണ്. വാർത്ത സ്വാഭാവികമല്ല, നിഷ്കളങ്കവുമല്ല. എക്‌സൈസിൽ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർക്കശ നടപടികൾ വലുപ്പച്ചെറുപ്പമില്ലാതെയും മുഖം നോക്കാതെയും സ്വീകരിച്ചു വരുകയാണ്. അത് ശക്തമായി തുടരും. ജനങ്ങളുടെ ഇടയിൽ മുണ്ടും മടക്കിക്കുത്തി നടക്കുന്നവരാണ് ഞങ്ങളൊക്കെ. ഇത്തരം വാർത്തകൾ പ്രചരിപ്പിക്കും മുമ്പ് അതിന്റെ ആധികാരികത മാദ്ധ്യമങ്ങൾ ഉറപ്പാക്കണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

.