സ്‌പോട്ട് ബുക്കിംഗിലൂടെ 19വരെ ശബരിമല ദർശനം
ശബരിമല: തീർത്ഥാടകർക്ക് 19ന് രാത്രി നട അടയ്ക്കുന്നതുവരെ ശബരിമലയിൽ ദർശനം നടത്താം. 19വരെ പമ്പ, നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, പന്തളം എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യമുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗും 19 വരെ ഉണ്ടാകും.
18 വരെ ഓരോ ദിവസവും വെർച്വൽ ക്യൂ വഴി 50,000 പേരെയും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും പ്രവേശിപ്പിക്കും. 19ന് വെർച്വൽ ക്യൂ വഴി 30,000 പേരെയും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേരെയും കടത്തിവിടും. 17വരെയാണ് തിരുവാഭരണം ചാർത്തിയുള്ള ദർശനം. 18 വരെ തീർത്ഥാടകർക്ക് നെയ്യഭിഷേകം നടത്താം. 19ന് രാത്രി ഹരിവരാസനം പാടി നട അടച്ചശേഷം മാളികപ്പുറത്ത് വലിയഗുരുതി നടക്കും. 20ന് പന്തളം രാജപ്രതിനിധി ദർശനം നടത്തിയ ശേഷം നടയടയ്ക്കും.
തുടർന്ന് പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനിൽക്കുന്ന പന്തളം രാജപ്രതിനിധിക്ക് മേൽശാന്തി ശ്രീകോവിലിന്റെ താക്കോൽ കൂട്ടവും പണക്കിഴിയും നൽകും. അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് ഇതുരണ്ടും മടക്കിനൽകി അടുത്ത ഒരുവർഷത്തെ പൂജകൾ നടത്താൻ ഏൽപ്പിച്ച് തിരുവാഭരണത്തോടൊപ്പം പരമ്പരാഗത പാതയിലൂടെ രാജപ്രതിനിധി മടക്കയാത്ര ആരംഭിക്കും. ഇതോടെ മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തിയാകും. കുംഭമാസ പൂജകൾക്കായി ഫെബ്രുവരി 12ന് വൈകിട്ട് 5ന് വീണ്ടും നടതുറക്കും.