എക്സൈസ് മന്ത്രിക്ക് എസ്കോർട്ട് നിർദ്ദേശിച്ച് എക്സൈസ് കമ്മിഷണർ

Friday 16 January 2026 12:15 AM IST

തിരുവനന്തപുരം എക്സൈസ് മന്ത്രി എം.ബി. രാജേഷിന് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്ന വിചിത്ര നിർദ്ദേശവുമായി എക്സൈസ് കമ്മിഷണർ എം.ആർ. അജിത് കുമാർ. ബുധനാഴ്ച വിളിച്ചുചേർത്ത എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാരുടെയും ജോയിന്റ് കമ്മിഷണർമാരുടെയും യോഗത്തിലാണിത്. നിർദ്ദേശം വിവാദമായതോടെ അദ്ദേഹത്തിന്റെ ഓഫീസ് കൈ മലർത്തി.

മന്ത്രി പങ്കെടുക്കുന്ന പരിപാടിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വകുപ്പ് വാഹനത്തിൽ എസ്കോർട്ട് പോകണമെന്നും, ആ ദിവസം എൻഫോഴ്സ്മെന്റ് ജോലികൾ ഒഴിവാക്കിയാലും കുഴപ്പമില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു. എൻഫോഴ്സ്മെന്റ് ഡ്യൂട്ടികൾക്ക് പോലും മതിയായ അംഗബലമോ വാഹനങ്ങളോ ഇല്ലാത്ത അവസ്ഥ ചില ഉദ്യോഗസ്ഥർ സൂചിപ്പിച്ചെങ്കിലും അതേക്കുറിച്ച് ചർച്ച അനുവദിച്ചില്ല. മന്ത്രി താമസിക്കുന്ന സ്ഥലത്തും എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം ഉറപ്പാക്കണം. മന്ത്രിമാർക്കോ വി.ഐ.പികൾക്കോ എസ്കോർട്ട് എക്സൈസിന്റെ ഡ്യൂട്ടിയിൽപ്പെടുന്നതല്ല. പൊലീസിനാണ് അതിന്റെ ചുമതല. പ്രത്യേക ചില സന്ദർഭങ്ങളിൽ മാത്രമാണ് മന്ത്രിമാർക്ക് എക്സൈസ് പൈലറ്റ് പോകാറുള്ളത്. ലഹരി വ്യാപനം തടയുന്നതടക്കം എക്സൈസിന് പിടിപ്പത് ജോലികളുള്ളപ്പോഴാണ് അസാധാരണ ജോലി ഭാരം കൂടി ഏൽപ്പിക്കുന്നതെന്നാണ് ആക്ഷേപം. എക്സൈസ് ഓഫീസുകൾ വൃത്തിയാക്കി സൂക്ഷിക്കണമെന്നതായിരുന്നു മറ്റൊരു നിർദ്ദേശം. പ്ളാൻ ഫണ്ടിൽ ഇതിനാവശ്യമായ പണമില്ലെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നും ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ഉത്തരവാദിത്തമെന്നുമായിരുന്നു മറുപടി.

'ജില്ലകളിൽ പോകുമ്പോൾ ഡെപ്യൂട്ടി കമ്മിഷണർമാർ മന്ത്രിയെ വന്നു കണ്ട്, എൻഫോഴ്സ്‌മെന്റ് പുരോഗതിയും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതും പറയാറുണ്ട്. അക്കാര്യം യോഗത്തിൽ എക്‌സൈസ് കമ്മിഷണർ ഓർമ്മിപ്പിക്കുക മാത്രമാണ് ചെയ്തത്. ഇതാണ് അനാവശ്യ വിവാദമാക്കിയത്"

–കമ്മിഷണറുടെ

ഓഫീസ്

'മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോൾ തീരുമാനിക്കേണ്ടത് സർക്കാരാണ്. ഏതെങ്കിലും

ഉദ്യോഗസ്ഥനല്ല".

–മന്ത്രി വി.ശിവൻകുട്ടി