ഓച്ചിറയിൽ പരാതി പ്രവാഹം; കർശന നിർദ്ദേശവുമായി ഓംബുഡ്സ്മാൻ
കരുനാഗപ്പള്ളി: മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ (ജി) പദ്ധതി എന്നിവയുടെ ജില്ലാ ഓംബുഡ്സ്മാൻ ജി. കൃഷ്ണകുമാർ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിൽ പരാതി പരിഹാര സിറ്റിംഗ് നടത്തി. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ കരാർ വച്ചിട്ടുള്ള ഗുണഭോക്താക്കൾക്ക് ധനസഹായം വൈകുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് സിറ്റിംഗിൽ പ്രധാനമായും ഉയർന്നുവന്നത്. ഒന്നും രണ്ടും ഗഡുക്കൾ ലഭിച്ചവർക്ക് കഴിഞ്ഞ ഒന്നര വർഷത്തോളമായി തുടർസഹായം ലഭിക്കാത്തതിനാൽ പലരുടെയും ഭവന നിർമ്മാണം പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണെന്ന് ഗുണഭോക്താക്കൾ പരാതിപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിഹിതം ലഭിക്കുന്നതിലുള്ള കാലതാമസം അടിയന്തരമായി പരിഹരിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഓംബുഡ്സ്മാൻ പറഞ്ഞു.പി.എം.എ.വൈ - ജി ഗുണഭോക്താക്കൾക്ക് തൊഴിലുറപ്പ് പദ്ധതി വഴി ലഭിക്കേണ്ട 90 ദിവസത്തെ തൊഴിലും കൂലിയും സാങ്കേതിക കാരണങ്ങളാൽ തടസപ്പെട്ട കേസുകളിൽ 10 ദിവസത്തിനകം അനുകൂല തീരുമാനം ഉണ്ടാക്കണമെന്ന് ഓച്ചിറ ബ്ലോക്ക് പ്രോഗ്രാം ഓഫീസർക്ക് അദ്ദേഹം നിർദ്ദേശം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഉല്ലാസ്, കെ.എസ്. പുരം സുധീർ, ശരണ്യ അരുൺ, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ എസ്.എസ്.അനീഷ് , ജോയിന്റ് ബി.ഡി.ഒ ഫൈസൽ അഹമ്മദ്, ഹൗസിംഗ് ഓഫീസർ ഹാരിസ്, തൊഴിലുറപ്പ് ബ്ലോക്ക് എൻജിനീയർ ആതിര, അക്കൗണ്ടന്റുമാരായ സന്ധ്യ, രമ്യ മധു, പ്രിയ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. തുടർന്ന് തഴവ, തൊടിയൂർ ഗ്രാമപഞ്ചായത്തുകളിലെ തൊഴിലുറപ്പ് സെക്ഷനുകളും പ്രവൃത്തി സൈറ്റുകളും ഓംബുഡ്സ്മാൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.