ശങ്കരദാസ് റിമാൻഡിൽ #ആശുപത്രി മാറ്റത്തിൽ തീരുമാനം ഇന്ന്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി.ശങ്കരദാസിനെ ചാക്കയിലെ സ്വകാര്യാശുപത്രിയിലെത്തി കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ.സി.എസ്.മോഹിത് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
സ്വകാര്യാശുപത്രിയിൽ നിന്ന് മാറ്റണമെന്നാണ് ജഡ്ജിയുടെ നിർദ്ദേശം. ശങ്കരദാസിനെ മെഡിക്കൽ കോളേജാശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് റിമാൻഡ് ചെയ്യാനാണ് സാദ്ധ്യത.
നടപടി പ്രകാരം പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. 82വയസുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില ഇന്ന് സെൻട്രൽ ജയിലിലെ ഡോക്ടർ സ്വകാര്യാശുപത്രിയിലെത്തി പരിശോധിച്ചശേഷം തീരുമാനമെടുക്കാനാണ് ഉത്തരവ്. വൈകിട്ട് നാലോടെയാണ് ജഡ്ജിയും വിജിലൻസ് പ്രോസിക്യൂട്ടർ സിജു രാജനും എസ്.ഐ.ടിയിലെ എസ്.പി ശശിധരനും ആശുപത്രിയിലെത്തിയത്. ഡോക്ടർമാരുമായി ചർച്ച നടത്തിയ ശേഷമാണ് ജഡ്ജി 29വരെ റിമാൻഡിന് ഉത്തരവിട്ടത്. പതിനൊന്നാം പ്രതിയാക്കിയിട്ടുണ്ട്.
എ.പത്മകുമാർ അംഗമായ ബോർഡിലെ അംഗമായിരുന്നു ശങ്കരദാസ്.
2019 മാർച്ച് 19നുചേർന്ന ബോർഡിന്റെ മിനിട്ട്സിൽ കൃത്രിമംകാട്ടിയത് പോറ്റിക്ക് സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കാനെന്നാണ് കണ്ടെത്തൽ. സ്വർണം പൊതിഞ്ഞ പിത്തളയെന്ന മിനിട്ട്സിലെ പരാമർശം പത്മകുമാർ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്നെഴുതി. ഇതിനുതാഴെ ശങ്കരദാസും ഒപ്പിട്ടിട്ടുണ്ട്. പത്മകുമാറും ബോർഡംഗമായിരുന്ന എൻ.വിജയകുമാറും നേരത്തേ അറസ്റ്റിലായിരുന്നു.
രണ്ടാംകേസിൽ തന്ത്രിയുടെ അറസ്റ്റ് ഇന്ന്
ദ്വാരപാലകശില്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരെ ഇന്ന് എസ്.ഐ.ടി അറസ്റ്റ് ചെയ്യും. ഇന്നലെ വൈകിട്ട് ആറരയോടെ അറസ്റ്റ് രേഖപ്പെടുത്താൻ എസ്.ഐ.ടി പൂജപ്പുര സെൻട്രൽ ജയിലിലെത്തിയെങ്കിലും സമയംകഴിഞ്ഞതിനാൽ അറസ്റ്റ് നടത്താനായില്ല. ദ്വാരപാലക ശില്പങ്ങളിലെ പാളികൾ എടുത്തുനൽകിയതിലും ശ്രീകോവിലിന്റെ വാതിൽ മാറിയതിലും തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കണ്ടെത്തൽ. ദ്വാരപാലക ശില്പങ്ങളിലെ സ്വർണപ്പാളിക്ക് ശോഭമങ്ങിയതും ഭക്തർ നാണയമെറിഞ്ഞുണ്ടായ ചുളിവുകളും ചൂണ്ടിക്കാട്ടി അറ്റകുറ്റപ്പണിക്ക് തന്ത്രിയാണ് നിർദ്ദേശിച്ചതെന്നാണ് എസ്.ഐ.ടി പറയുന്നത്. തന്ത്രിയെ കസ്റ്റഡിയിൽ കിട്ടാൻ ശനിയാഴ്ച കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷനൽകും.