എസ്.ഐ.ആർ: ഒഴിവാക്കപ്പെട്ടവരുടെ പേര് ചേർക്കുന്നതിൽ സുതാര്യതയില്ല: ബിനോയ് വിശ്വം

Friday 16 January 2026 12:20 AM IST

തിരുവനന്തപുരം:എസ്.ഐ.ആറിന്റെ ഭാഗമായി സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ നിന്നും ലക്ഷക്കണക്കിന് പേർ പുറത്തായതിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ്‌ വിശ്വം മുഖ്യ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചു.സാങ്കേതിക കാരണങ്ങൾ പറഞ്ഞ് വോട്ടർ പട്ടികയിൽ നിന്നും ആളുകളെ പുറംതള്ളുന്നതിന് പകരം അർഹരായ എല്ലാവരെയും ഉൾക്കൊള്ളുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.എസ്.ഐ.ആറിലൂടെ തയാറാക്കിയ പട്ടിക അപാകതകൾ നിറഞ്ഞതാണ്.നാൽപ്പത് വയസ്സിനു താഴെയുള്ളവരുടെ ബന്ധുത്വം തെളിയിക്കാൻ കഴിയാത്തതിനാൽ ഓരോ ജില്ലയിലും രണ്ടുലക്ഷത്തോളം പേർ എന്ന കണക്കിൽ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുകയാണെന്നും സി.പി.ഐ സെക്രട്ടറി ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് അർഹരായ അവസാനത്തെ ആളെവരെ വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള നടപടികളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിക്കേണ്ടത് എന്നും ബിനോയ്‌ വിശ്വം അഭിപ്രായപ്പെട്ടു.