നിയമസഭ പിടിക്കാനുള്ള തന്ത്രങ്ങളിലേക്ക്, സി.പി.എമ്മിനായി കേന്ദ്രകമ്മിറ്റി, കോൺഗ്രസിൽ സ്‌ക്രീനിംഗ്
കോഴിക്കോട്: എൽ.ഡി.എഫിലെ കക്ഷികളെയും മുതിർന്ന സി.പി.എം നേതാക്കളെയും അടർത്തിയെടുത്ത് വിസ്മയം സൃഷ്ടിക്കാൻ കോൺഗ്രസ്. ഇനി ഒന്നും അടർന്നുപോകാതെ കോട്ടകെട്ടാൻ സി.പി.എം. തലസ്ഥാനം പിടിച്ചതിന്റെ ആവേശത്തിൽ ബി.ജെ.പി...
നിയമസഭാ തിരിഞ്ഞെടുപ്പിൽ എന്തും സംഭവിക്കാം.
സി.പി.എം കേന്ദ്ര കമ്മിറ്റിയോഗം ഇന്നുമുതൽ മൂന്നുദിവസം തിരുവനന്തപുരത്ത് ചേരുമ്പോൾ രാഷ്ട്രീയ പ്രാധാന്യം ഇരട്ടിക്കുകയാണ്.
രാജ്യത്ത് എല്ലായിടത്തും നഷ്ടങ്ങൾ മാത്രമാകുമ്പോഴും കേരളമാണ് സി.പി.എമ്മിന്റെ കച്ചിത്തുരുമ്പ്. അത് നഷ്ടമാകാതിരിക്കാൻ ആവനാഴിയിലെ മുഴുവൻ അസ്ത്രങ്ങളും പ്രയോഗിക്കുകയെന്നതാണ് കേന്ദ്രകമ്മിറ്റിയുടെ ലക്ഷ്യം. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തദ്ദേശത്തിൽ ഗുണം ചെയ്തില്ല. അതെല്ലാം ശബരിമലയിൽ മുങ്ങി. പാർട്ടിയുടെ മുൻ എം.എൽ.എ അടക്കം ജയിലിലായത് വലിയ ക്ഷീണമുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എസ്.ഐ.ടി കുറ്റപത്രം സമർപ്പിക്കും. പിന്നാലെ ജയിലിലായ നേതാക്കളെ പുറത്താക്കി ക്ഷീണം തീർക്കാനാണ് ശ്രമം. മുസ്ലിം ന്യൂനപക്ഷത്തിന് വേണ്ടി വാദിച്ചിട്ടും വലിയ അകലം ഉണ്ടായതും പിരിശോധിക്കും.
ഒരു മുഴം നീട്ടിയെറിയാൻ
സ്ഥാനാർത്ഥി നിർണയം കലഹങ്ങളില്ലാതെ പൂർത്തിയാക്കി ആദ്യമേരംഗത്ത് ഇറങ്ങിയതിന്റെ നേട്ടം തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കൊയ്തു. നിയമസഭാ തിരഞ്ഞെടുപ്പിലും അതേതന്ത്രം നടപ്പാക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്.
ജനുവരി അവസാനം തന്നെ സ്ഥാനാർത്ഥികളെ തീരുമാനിച്ചേക്കും. അതിനായി എ.ഐ.സി.സി സ്‌ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി നേതാക്കളുമായി ചർച്ച തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിനെതിരെയുണ്ടായ വലിയ പരാതി പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവർക്ക് പ്രാധാന്യം നൽകിയില്ലെന്നതാണ്. രണ്ടുപേർ മാത്രമായിരുന്നു എം.എൽ.എമാർ. അതിലൊരാൾ എം.പിയായതോടെ എണ്ണം ഒന്നായി ചുരുങ്ങി. ഭൂരിപക്ഷമായ പിന്നാക്ക സമുദായങ്ങളെ ചേർത്തുനിറുത്തുന്ന സ്ഥാനാർത്ഥി നിർണയമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.
ആരൊക്കെ വിസ്മയിപ്പിക്കും..?
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രഖ്യാപനമാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോഴുള്ള 'വിസ്മയം". കേരള കോൺഗ്രസ് എമ്മിന്റെ യു.ഡി.എഫ് പ്രവേശനമാണ് ഇതുമായി ബന്ധപ്പെടുത്തി വാർത്തകളിൽ നിറഞ്ഞതെങ്കിലും
ജോസ്കെ.മാണി അത് നിഷേധിച്ചു. പക്ഷേ, അടഞ്ഞ അധ്യായമല്ലെന്ന സൂചന വാക്കുകൾക്കിടയിലുണ്ട്. ക്രൈസ്തവ സഭയുടെ സമ്മർദ്ദം കടുത്താൽ മുന്നണി മാറാൻ നിർബന്ധിതരാവും. യഥാർത്ഥത്തിൽ വിസ്മയിപ്പിച്ചത് ഐഷ പോറ്റിയുടെ പോക്കാണ്. ഐഷ പോറ്റിയെപ്പോലൊരു നേതാവിനെ നഷ്ടപ്പെട്ടത് സി.പി.എമ്മിൽ വലിയ നടുക്കം സൃഷ്ടിച്ചു. സി.പി.എമ്മുമായി അകന്നു നിൽക്കുന്ന മുൻ എം.പി, മന്ത്രി എന്നിവരെ വട്ടമിട്ട് കോൺഗ്രസ് പറക്കുന്നുണ്ട്.
ആർ.ജെ.ഡി കളം മാറുമോ..?
ശ്രേയാംസ്‌കുമാർ നേതൃത്വം നൽകുന്ന ആർ.ജെ.ഡിയെയും കോൺഗ്രസ് നോട്ടമിടുന്നുണ്ട്. ഒറ്റ എം.എൽ.എമാരുള്ള പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകിയിട്ടും ആർ.ജെ.ഡിയെമാത്രം തഴഞ്ഞത് തുടക്കം മുതൽ കല്ലുകടിയായിരുന്നു. വയനാട് ക്യാമ്പിനുശേഷം ചെന്നിത്തലയും വി.ഡി.സതീശനും കെ.സി.വേണുഗോപാലും ശ്രേയാംസ്‌കുമാറുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അതേസമയം വലിയ ബോംബുകൾ കൈവശമുണ്ടെന്നും കോൺഗ്രസിന് താങ്ങാനാവില്ലെന്നും സി.പി.എം നേതാക്കളും അടക്കം പറയുന്നുണ്ട്. ശബരിമല കൊള്ളയുമായി ബന്ധപ്പെടുത്തിയും ഇതിനെ വ്യാഖ്യാനിക്കുന്നുണ്ട്.
സ്വർണക്കൊള്ള; പാർട്ടി നടപടി വരും : ബേബി
കോഴിക്കോട്: ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം സമർപ്പിച്ച് നിജസ്ഥിതി ബോധ്യമാവുന്ന മുറയ്ക്ക് പാർട്ടി നടപടിയുണ്ടാവുമെന്നും, ഇതെല്ലാം ജനങ്ങൾക്കിടയിൽ അവതരിപ്പിക്കാനാണ് പാർട്ടി ഗൃഹ സന്ദർശനം നടത്തുന്നതെന്നും സി.പി.എം ദേശീയ ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. പാർട്ടി വിട്ട ഐഷാ പോറ്റിയോട് ഒരു അവഗണനയും കാണിച്ചിട്ടില്ല. അവർക്ക് അഹർഹതപ്പെട്ട സ്ഥാനങ്ങളെല്ലാം നൽകി. അത്തരമൊരു സ്ഥാനത്ത് തുടർന്നതിൻ്റെപേരിലാണല്ലോ കോൺഗ്രസ് അവരെ ലക്ഷ്യം വച്ചിറങ്ങിയത്. ഇനിയൊരു കൊഴിഞ്ഞു പോക്ക് സി.പി.എമ്മിൽ നിന്നുണ്ടാവില്ല. കേന്ദ്രകമ്മറ്റി ചേരുന്നത് കേരളമടക്കം ബംഗാൾ, അസാം, തമിഴ്നാട്, പുതുച്ചേരി തിരഞ്ഞെടുപ്പുകളുടെ ഒരുക്കത്തിനാണ്. അതിൽ കേരളത്തിന് വലിയ പ്രാധാന്യമുണ്ട്. മൂന്നാം ഇടതു സർക്കാരെന്ന ലക്ഷ്യത്തിലേക്കാണ് പാർട്ടിയുടെ നീക്കം. ശബരിമലയടക്കം വിഷയങ്ങളിൽ എടുക്കേണ്ട തീരുമാനങ്ങൾ യോഗം ചർച്ച ചെയ്യും. ജനങ്ങളിലേക്കിറങ്ങി അവരോട് സർക്കാരിന്റെ നേട്ടങ്ങളും സർക്കാരിനും പാർട്ടിക്കുമെതിരായ അപവാദങ്ങളുടെ നിജസ്ഥിതിയും നേരിട്ട് സംവദിക്കുമെന്നും ബേബി പറഞ്ഞു..