സന്നിധാനത്തെ മോഷണം: ജീവനക്കാർ റിമാൻഡിൽ
Friday 16 January 2026 12:23 AM IST
ശബരിമല:സന്നിധാനത്തെ ദേവസ്വം ഭണ്ഡാരത്തിൽ നിന്ന് വിദേശ കറൻസി ഉൾപ്പടെ പണവും സ്വർണവും അപഹരിച്ച രണ്ട് താത്കാലിക ജീവനക്കാരെ അറസ്റ്റ് ചെയ്തു.എടത്വ കൊടുപ്പുന്ന മുറിയിൽ മനയിൽ വീട്ടിൽ എം.ജി.ഗോപകുമാർ,കൈനകരി നാലുപുരയ്ക്കൽ വീട്ടിൽ സുനിൽ.ജി.നായർ എന്നിവരാണ് പിടിയിലായത്.നോട്ട് വായ്ക്കുള്ളിൽ തിരുകി ഭണ്ഡാരത്തിന് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതിനിടെ വിജിലൻസ് ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു.തുടർന്ന് ഇവരുടെ മുറികളിൽ നടത്തിയ പരിശോധനയിൽ ഗോപകുമാറിന്റെ ബാഗിൽ 13820 രൂപയും രണ്ടു ഗ്രാമിന്റെ സ്വർണലോക്കറ്റും സുനിൽ ജി.നായരുടെ ബാഗിൽ നിന്ന് 500 രൂപയുടെ 50 നോട്ടും 17 വിദേശ കറൻസികളും കണ്ടെത്തിയതായും ദേവസ്വം വിജിലൻസ് പറഞ്ഞു.ഇരുവരെയും സന്നിധാനം പൊലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.