മാണി ഗ്രൂപ്പ് സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്: മുന്നണിമാറ്റം വിവാദമാക്കിയത് ചൂടേറിയ ചർച്ചാവിഷയമാവും

Friday 16 January 2026 12:24 AM IST

കോട്ടയം: കേരള കോൺഗ്രസ് എം മുന്നണിമാറ്റ പ്രശ്നം 'കയ്യാലപ്പുറത്തെ തേങ്ങപോലെ" നിൽക്കുന്നതിനിടയിൽ ഇന്ന് കോട്ടയത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി നിർണായകമായേക്കും.

ഉന്നത നേതാക്കളും പോഷക സംഘടനാ ഭാരവാഹികളുമടക്കം 86 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പ് അവലോകനവും അദ്ധ്യക്ഷൻ അനുവദിക്കുന്ന ഇതര വിഷയങ്ങളുമാണ് അജൻഡയിലുള്ളത്. ഇടതു മുന്നണിയിൽ തുടരുമെന്ന് ചെയർമാൻ ജോസ് കെ. മാണി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യു.ഡിഎഫിലെ ഉന്നത നേതാക്കൾ 'പച്ചക്കൊടി വീശി സ്വാഗത വചനങ്ങളുമായി നിൽക്കുന്നത്" അവസാനിപ്പിച്ചിട്ടില്ല.

രാവിലെ 11 മുതൽ വൈകിട്ട് നാലുവരെ നീളുന്ന കമ്മിറ്റിയിൽ മുന്നണിമാറ്റം സംബന്ധിച്ച് ഭൂരിപക്ഷ അഭിപ്രായം തേടും.

ചെയർമാൻ ജോസ് കെ. മാണി വിദേശത്തായിരുന്നപ്പോൾ എൽ.ഡി.എഫ് യോഗങ്ങളിൽ നിന്നു ജോസ് വിട്ടു നിന്നത് മുന്നണി മാറ്റത്തിന്റെ ഭാഗമാണെന്ന തരത്തിൽ ചില നേതാക്കൾ മാദ്ധ്യമ ചർച്ചയാക്കി. എൽ.ഡി.എഫിൽ 'തുടരു"മെന്ന ഫേസ് ബുക്ക് പോസ്റ്റിട്ട് മുന്നണിമാറ്റത്തിൽ ഭിന്നതയുണ്ടെന്നും പിളരാൻ പോകുകയാണെന്നു വരുത്തി തീർത്ത് അവമതിപ്പ് ഉണ്ടാക്കിയതിൽ മുതിർന്ന നേതാക്കൾക്ക് നീരസമുണ്ട്. ഒരു എം.എൽഎ ബോധപൂർവം ഇതിനു പിന്നിൽ പ്രവർത്തിച്ചുവെന്നാണ് കണ്ടെത്തൽ. ഇക്കാര്യം ചൂടേറിയ ചർച്ചയ്ക്ക് ഇടയാക്കും.

സ്ഥാനാർത്ഥി നിർണയ ചർച്ച ഇന്നുണ്ടാകില്ലെങ്കിലും. സീറ്റുകളുടെ കാര്യം ചർച്ചയാകും. കഴിഞ്ഞ തവണ 13 സീറ്റ് ലഭിച്ചെങ്കിലും ഒരു സീറ്റ് സി.പി.എം ഏറ്റെടുത്തതിനാൽ 12ലാണ് മത്സരിച്ചത്. ഇക്കുറി 13 സീറ്റ് വേണമെന്ന നിലപാടിലാണ് പാർട്ടി.

###########

തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച പാർട്ടി പ്രതിനിധികൾക്ക് കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സ്വീകരണം നൽകുന്നുണ്ട്.

ഇതോടനുബന്ധിച്ച് സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ നടക്കും. ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സീറ്റു ചർച്ചയും മാണി ഗ്രൂപ്പിന്റെ യു.ഡി.എഫ് പ്രവേശന വിഷയത്തിലെ നിലപാടും ചർച്ചയായേക്കും.