ജനതാദൾ (എസ്) ഇനി സോഷ്യലിസ്റ്റ് ജനതാദൾ
കൊച്ചി: എൽ.ഡി.എഫിന്റെ ഭാഗമായ ജനതാദൾ (എസ് )നാളെ മുതൽ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ ആകും. കേരളത്തിൽ എൽ.ഡി.എഫിനും കേന്ദ്രത്തിൽ എൻ.ഡി.എയ്‌ക്കും ഒപ്പമെന്ന പേരുദോഷം തിരുത്തിയാണ് രണ്ട് എം.എൽ.എമാർ ഉൾപ്പെടെ സോഷ്യലിസ്റ്റ് ജനതാദളിൽ ചേരുന്നത്. ജനതാദൾ (എസ് ) കേരള ഘടകത്തിന്റെ ഒത്താശയോടെ അടുത്തിടെ രൂപീകരിച്ച പാർട്ടിയാണ് ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ.
എറണാകുളം ടൗൺ ഹാളിൽ നാളെ രാവിലെ 10ന് ചേരുന്ന സമ്മേളനം വൈദ്യുതി മന്ത്രി കെ. കൃഷ്‌ണൻകുട്ടി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ വി. മുരുകദാസ് അദ്ധ്യക്ഷത വഹിക്കും. സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്റ് കെ. സുരേഷ്, ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റ് മാത്യു ടി. തോമസ് എം.എൽ.എയ്‌ക്ക് പതാക കൈമാറി ലയനം പ്രഖ്യാപിക്കും. ജോസ് തെറ്റയിൽ, പി.പി. ദിവാകരൻ, കെ.എസ്. പ്രദീപ്കുമാർ, കൊല്ലങ്കോട് രവീന്ദ്രൻ നായർ, മുഹമ്മദ് ഷാ തുടങ്ങിയവർ പ്രസംഗിക്കും.
2022 ഒക്ടോബർ 25ന് ബംഗളൂരുവിൽ ചേർന്ന ജനതാദൾ (എസ്) ദേശീയ പ്ളീനറി സമ്മേനത്തിൽ പ്രഖ്യാപിച്ചതിന് വിരുദ്ധമായി ബി.ജെ.പിക്കൊപ്പം ചേരാൻ ദേശീയ നേതൃത്വം തീരുമാനിച്ചതിനാലാണ് കേരളഘടകം പുതിയ പാർട്ടിയിൽ ലയിക്കുന്നത്. സംസ്ഥാന കൗൺസിൽ ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തതെന്ന് വി. മുരുകദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാബു ജോർജ്, ബെന്നി മൂഞ്ഞേലി, ജബ്ബാർ തച്ചയിൽ, സോജൻ ജോർജ്, കുമ്പളം രവി എന്നിവരും പങ്കെടുത്തു.
ദേവഗൗഡയ്‌ക്കൊപ്പം തുടരും?
കേരളഘടകത്തിലെ ഒരുവിഭാഗം ദേശീയ പ്രസിഡന്റ് ദേവഗൗഡയ്ക്കൊപ്പം തുടരുമെന്ന് ജനതാദൾ (എസ്) പാർലമെന്ററി പാർട്ടി അംഗമായ സി. ഭാസ്‌കർ മാദ്ധ്യമങ്ങളോട് പറഞ്ഞു. എൻ.ഡി.എയ്‌ക്കൊപ്പം തുടരുന്ന ജനതാദൾ എസിൽ നാഷണൽ പീപ്പിൾസ് പാർട്ടി ലയിക്കുമെന്നും അദ്ദേഹം പറഞ്ഞു.