ഇടുക്കിയിൽ ഹൈറേഞ്ച് പോരാട്ടം
തൊടുപുഴ: ഇടുക്കിയുടെ ചരിത്രമെടുത്താൽ യു.ഡി.എഫിനാണ് ആഭിമുഖ്യമെന്നത് വ്യക്തമാണ്. എന്നാൽ നിയമസഭ തിരഞ്ഞെടുപ്പിൽ കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി ജില്ല ഇടതിനൊപ്പമാണ്. കഴിഞ്ഞ നാലു തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഒരു എം.എൽ.എ പോലുമില്ല.
അഞ്ചു നിയമസഭ മണ്ഡലങ്ങളിൽ പി.ജെ.ജോസഫിന്റെ തട്ടകമായ തൊടുപുഴയൊഴികെ നാലും നിലവിൽ ഇടതിനൊപ്പമാണ്. അതേസമയം, കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലും യു.ഡി.എഫിനായിരുന്നു ലീഡ്. തദ്ദേശ തിരഞ്ഞെടുപ്പിലും ദേവികുളമൊഴികെയുള്ള നാലു മണ്ഡലങ്ങളും യു.ഡി.എഫിനൊപ്പമായിരുന്നു. നിർമ്മാണ നിരോധനം പോലുള്ള ഭൂപ്രശ്നങ്ങൾ, തുടർച്ചയായ വന്യജീവിയാക്രമണം തുടങ്ങിയ വിഷയങ്ങളിലുള്ള ശക്തമായ ഭരണവിരുദ്ധവികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്.
കേരള കോൺഗ്രസുകാർ പരസ്പരം ഏറ്റുമുട്ടുന്ന തൊടുപുഴയിൽ യു.ഡി.എഫിനുവേണ്ടി പി.ജെ.ജോസഫ് തന്നെ വീണ്ടും കളത്തിലിറങ്ങിയേക്കും. ജോസഫ് മാറി നിന്നാൽ, പകരം മകൻ അപു ജോൺ ജോസഫിനാകും മുഖ്യപരിഗണന. കേരള കോൺഗ്രസ് (എം) നേതാക്കളായ ജിമ്മി മറ്റത്തിപ്പാറയും റെജി കുന്നംകോട്ടുമാണ് എൽ.ഡി.എഫ് പരിഗണനയിൽ. ബി.ജെ.പിയിൽ കഴിഞ്ഞ തവണ മത്സരിച്ച പി.ശ്യാംരാജ് സ്ഥാനാർത്ഥിയായേക്കും.
ഉടുമ്പഞ്ചോല നിലനിറുത്താൻ നിലവിലെ എം.എൽ.എ എം.എം.മണിക്ക് ഒരവസരം കൂടി സി.പി.എം നൽകിയേക്കും. മണി മാറിയാൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.ജയചന്ദ്രൻ സ്ഥാനാർത്ഥിയായേക്കും. കോൺഗ്രസിൽ കെ.പി.സി.സി വക്താവ് സേനാപതി വേണു, ജനറൽ സെക്രട്ടറി അഡ്വ. എസ്.അശോകൻ ഡി.സി.സി ട്രഷറർ ഇന്ദു സുധാകരൻ എന്നിവർക്കാണ് സാദ്ധ്യത. ഈഴവ സമുദായത്തിനു നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ എൻ.ഡി.എയിൽ നിന്ന് ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സംഗീത വിശ്വനാഥൻ മത്സരിച്ചേക്കും.
ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ വീണ്ടും ജനവിധി തേടും. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്ബാകും യു.ഡി.എഫിനുവേണ്ടി കളത്തിലിറങ്ങുക. കോൺഗ്രസ് മണ്ഡലമേറ്റെടുക്കാൻ നീക്കം നടത്തുന്നുണ്ട്. എൻ.ഡി.എ ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് പ്രതീഷ് പ്രഭയെയാണ് പരിഗണിക്കുന്നത്.
ജില്ലയിൽ സി.പി.ഐ മത്സരിക്കുന്ന ഏക മണ്ഡലമാണ് പീരുമേട്. പാർട്ടി ജില്ലാ സെക്രട്ടറി കെ.സലീംകുമാറിനും മുൻ എം.എൽ.എ ഇ.എസ്.ബിജിമോളിനുമാണ് സാദ്ധ്യത. കോൺഗ്രസിൽ നിന്ന് സിറിയക് തോമസ്, മുൻ ഡി.സി.സി പ്രസിഡന്റ് റോയ് കെ.പൗലോസ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ എന്നിവർക്കാണ് മുൻതൂക്കം. ജില്ലാ ജനറൽ സെക്രട്ടറി സി.സന്തോഷ്‌കുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥിയാകാൻ സാദ്ധ്യത.
പട്ടികജാതി സംവരണ മണ്ഡലമായ ദേവികുളത്ത് സിറ്റിംഗ് എം.എൽ.എ രാജ വീണ്ടും മത്സരിക്കും. കോൺഗ്രസിൽ നിന്ന് മുൻ എം.എൽ.എ എ.കെ.മണിക്കാണ് സാദ്ധ്യത. സി.പി.എമ്മുമായി പിണങ്ങി നിൽക്കുന്ന മുൻ എം.എൽ.എ എസ്.രാജേന്ദ്രനെ എത്തിച്ച് മത്സരം കടുപ്പിക്കാനാണ് എൻ.ഡി.എ നീക്കം.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം
മണ്ഡലം, എം.എൽ.എ, ഭൂരിപക്ഷം
ദേവികുളം: എ.രാജ, എൽ.ഡി.എഫ്- 7,848
ഇടുക്കി: റോഷി അഗസ്റ്റിൻ, എൽ.ഡി.എഫ്- 5,573
ഉടുമ്പഞ്ചോല: എം.എം.മണി, എൽ.ഡി.എഫ്- 38,305
പീരുമേട്: വാഴൂർ സോമൻ, എൽ.ഡി.എഫ്- 1,835
തൊടുപുഴ: പി.ജെ.ജോസഫ്, യു.ഡി.എഫ്- 20,259