തൊഴിലുറപ്പ് : കൂടുതൽ തുക നൽകിയത് മോദി; രാജീവ് ചന്ദ്രശേഖർ

Friday 16 January 2026 12:28 AM IST

ന്യൂഡൽഹി: സോണിയാഗാന്ധി-ഉണ്ണികൃഷ്ണൻ പോറ്റി കൂടിക്കാഴ്ച വാർത്തയിൽ നിന്ന് ശ്രദ്ധ തിരിക്കാൻ കോൺഗ്രസ് പുതിയ തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ച് നുണ പ്രചാരണം നടത്തുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പഴയ തൊഴിലുറപ്പ് പദ്ധതിക്ക് യു.പി.എ സർക്കാർ 2.03 ലക്ഷം കോടി മാത്രമാണ് നൽകിയത്. നരേന്ദ്ര മോദി സർക്കാർ 7.83 ലക്ഷം കോടി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന അഴിമതി പുതിയ വിബി-ജി റാംജി പദ്ധതിയിൽ നടക്കില്ലെന്നതാണ് കോൺഗ്രസിനെ അലട്ടുന്നത്. ആയിരം കോടിയുടെ വ്യാജ പദ്ധതികളാണ് കേരളത്തിൽ തൊഴിലുറപ്പിൽ കണ്ടെത്തിയത്. പാവപ്പെട്ടവരുടെ ക്ഷേമ പദ്ധതികളിൽ ശതകോടികളുടെ അഴിമതി നടത്തിയ ചരിത്രമാണ് കോൺഗ്രസിനുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേന്ദ്ര സർക്കാരിനെതിരെ നുണ പ്രചരിപ്പിക്കുന്നു.വിബി-ജിറാം പദ്ധതിയിലൂടെ 125 തൊഴിൽ ദിനങ്ങളിലൂടെ തൊഴിലാളികളുടെ വരുമാനം 25% വർദ്ധിക്കും. നേരത്തെ കൃഷിക്ക് അനുമതി നൽകിയിരുന്നില്ല. ഇപ്പോൾ കൃഷിയും ഉൾപ്പെടുത്തി. പണം നേരിട്ട് തൊഴിലാളിയുടെ ബാങ്ക് അക്കൗണ്ടിൽ വരുന്നതിനാൽ ഒരോഫീസിലും കൈക്കൂലി കൊടുക്കേണ്ടി വരില്ല.

തന്ത്രിയെ ജയിലിലടക്കുമ്പോൾ മന്ത്രി വീട്ടിൽ കഴിയുന്നത് എന്തു കൊണ്ടാണ്. ആചാരലംഘനത്തിന് ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.