റഷ്യയിൽ ശിവഗിരി മഠത്തിന്റെ ലോക മത പാർലമെന്റ്

Friday 16 January 2026 12:29 AM IST

ശിവഗിരി: ആലുവ സർവ്വമത സമ്മേളന ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരി 20ന് റഷ്യയിൽ ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തിൽ ലോകമത പാർലമെന്റ് സംഘടിപ്പിക്കും. മോസ്കോയിലെ എംബസി ഒഫ് ഇന്ത്യ, ജെ.എൻ.സി.സി മോസ്‌കോ, ആൾ മോസ്‌കോ മലയാളി അസോസിയേഷൻ, ഇസ്കോൺ തുടങ്ങിയവയുടെയും റഷ്യയിലെ നിരവധി സംഘടനകളുടെയും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സാംസ്‌കാരിക സംഘടനകളുടെയും സഹകരണത്തോടെയാണിത്

മോസ്കോ കൺസെർട്ട് ഹാളിൽ നടക്കുന്ന സമ്മേളനങ്ങളിൽ 16 മതങ്ങളുടെ പ്രതിനിധികളായ മഹാപണ്ഡിതരും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ , ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ തുടങ്ങി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ടരും പങ്കെടുക്കും. നാനാജാതി മതസ്ഥരായ ജനസമൂഹത്തെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മതമേലദ്ധ്യക്ഷന്മാർ, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവരെയും പങ്കെടുപ്പിച്ചാണ് തുടർ സമ്മേളനങ്ങൾ. വത്തിക്കാനിലും ലണ്ടനിലും ആസ്ട്രേലിയൻ പാർലമെന്റിലും നടന്ന ലോകമത പാർലമെന്റുകളിലെന്ന പോലെ ലോകശ്രദ്ധ നേടുന്ന ഒന്നാവും റഷ്യയിലെതെന്നും , പങ്കെടുക്കാൻ താല്പര്യമുള്ളവർ ഈ മാസം 25ന് മുൻപ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്നും ലോകമത പാർലമെന്റ് - റഷ്യൻ എഡിഷൻ ഇവന്റ് ഓർഗനൈസിംഗ് കമ്മിറ്റി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ അറിയിച്ചു. ഫോൺ: 7907111500 .