അഭിഷേക നെയ്യ് കൊള്ള: വിജിലൻസ് കേസെടുത്തു

Friday 16 January 2026 12:34 AM IST

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ ആടിയ ശിഷ്ടം നെയ്യ് വില്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതര ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണിത്. എസ്.പി മഹേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല. പ്രാഥമിക പരിശോധനയിൽ 36.24 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തിയതായി വിജിലൻസ് പറയുന്നു. ജീവനക്കാരും ശാന്തിമാരും ഉൾപ്പടെ അഭിഷേക നെയ്യ് വില്പനയുടെ ചുമതലയുണ്ടായിരുന്ന 33 പേരെ പ്രതി ചേർത്തു.

നെയ്യഭിഷേകത്തിന് അവസരം കിട്ടാത്ത തീർത്ഥാടകരാണ് ആടിയ ശിഷ്ടം നെയ്യ് വാങ്ങുന്നത്. ഒരു പായ്ക്കറ്റിന് 100 രൂപയാണ് വില. ടെമ്പിൾ സ്പെഷ്യൽ ഓഫീസർ ഏറ്റുവാങ്ങി കൗണ്ടറിലെത്തിച്ച പായ്ക്കറ്റിന് അനുസരിച്ചുള്ള തുക അക്കൗണ്ടിൽ അടയ്ക്കാത്തതിനെ തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 13679 പായ്ക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13 ലക്ഷത്തോളം രൂപ കാണാനില്ലെന്നാണ് കണ്ടെത്തൽ.