കൊല്ലം റെയിൽവേ സ്റ്റേഷനിൽ യാത്രികർ നിന്നു കുഴയുന്നു
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷൻ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരവേ, നിലവിലെ പരിമിതികൾ യാത്രക്കാരെ വലയ്ക്കുന്നു. വേണ്ടത്ര ഇരിപ്പിടങ്ങളില്ല. നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന ഒന്നാം പ്ലാറ്റ്ഫോമിൽ നാമമാത്രമായ ഇരിപ്പിടങ്ങൾ മാത്രം. കൈക്കുഞ്ഞുങ്ങളുമായി എത്തുന്നവരും പ്രായമായവരും ലഗേജുകളുടെ മുകളിൽ വിശ്രമിക്കേണ്ട അവസ്ഥയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ശബരിമല തീർത്ഥാടകർ ഉൾപ്പടെയുള്ളവർ വെറും നിലത്ത് ഇരിക്കുന്നതും കാണാം.
സ്റ്റേഷൻ നവീകരണം പുരോഗമിക്കുന്നതിനാലാണ് ഇരിപ്പിടങ്ങളെല്ലാം മാറ്റിയതെന്നും.താത്കാലിക ഇരിപ്പിടങ്ങൾ പോലും ഇടാനുള്ള സ്ഥലമില്ല എന്നുമാണ് അധികൃതർ പറയുന്നത്. മണിക്കൂറുകളോളം നിന്ന് കുഴയേണ്ട സ്ഥിതിയാണിപ്പോൾ. അനൗൺസ്മെന്റുകൾ ശരിയായി കേൾക്കാനും കഴിയുന്നില്ല. ശ്രദ്ധിച്ചു നിന്നില്ലെങ്കിൽ ട്രെയിൻ വിട്ടുപോയേക്കാം. പ്ളാറ്റ്ഫോം മാറിയാണ് ട്രെയിൻ വരുന്നതെങ്കിൽ കാണാൻപോലും കഴിയാത്ത അവസ്ഥയാണ്. ഭാരമുള്ള ലഗേജുമായി ട്രെയിനിലേക്കുള്ള കൂട്ടയോട്ടം പ്രതിദിനം കാണാം.
ചോരുന്ന മേൽക്കൂര
പ്ളാറ്റ്ഫോമുകളിൽ പ്രവേശിക്കാനായി നിർമ്മിച്ച താത്കാലിക മേൽക്കൂര മഴക്കാലത്ത് ചോരുന്നുണ്ട്. ഈ സമയം ലഗേജുകൾ പോലും തറയിൽ വയ്ക്കാനാവില്ല. പെട്ടന്ന് മഴ പെയ്താൽ കുളിക്കേണ്ട അവസ്ഥയാവും. പഴയ രീതിയിലുള്ള ഷീറ്റും കമ്പിയും മേഞ്ഞ മേൽക്കൂരയാണ് ഇവിടെയുള്ളത്. മേൽക്കൂരയിലെ ഷീറ്റ് സ്ക്രൂവിൽ നിന്ന് അകലുന്നതും കാലപ്പഴക്കമുള്ള ഷീറ്റ് ദ്രവിച്ചതുമാണ് ചോർച്ചയ്ക്ക് കാരണം. പതിനായിരക്കണക്കിന് യാത്രികർ പ്രതിദിനം ആശ്രയിക്കുന്ന സ്റ്റേഷന്റെ അവസ്ഥയാണിത്.
തെരുവ് നായ്ക്കളും
സ്റ്റേഷനകത്തും പുറത്തുമായി സ്വൈര്യവിഹാരം നടത്തുന്ന തെരുവുനായ്ക്കളും തലവേദനയാവുകയാണ്.
യാത്രക്കാർക്ക് സുഗമമായി നടക്കാൻ കഴിയാത്ത നിലയിൽ നായ് ശല്യം രൂക്ഷമായി. പ്ലാറ്റ്ഫോം കൈയടക്കിയ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ നിന്നും പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് യാത്രക്കാർ രക്ഷപ്പെടുന്നത്. പണി നടക്കുന്ന ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കളിൽ നിന്ന് ഓടിമാറാൻ പോലും സ്ഥലമില്ലാത്തതും പ്രശ്നം രൂക്ഷമാക്കുന്നു.