വിദ്യാർത്ഥിനികളുടെ മരണം... ആത്മഹത്യാക്കുറിപ്പിന് പിന്നാലെ പൊലീസ്

Friday 16 January 2026 12:50 AM IST

കൊല്ലം: കൊല്ലം സായി ഹോസ്റ്റലിൽ വി​ദ്യാർത്ഥി​നി​കളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തി​ൽ ആത്മഹത്യാക്കുറിപ്പ് കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലെ വിദ്യാർത്ഥികളുടെയും വാർഡന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

പൊലീസിന്റെ നിർദ്ദേശപ്രകാരം അഞ്ച് കൗൺസിലർമാർ ഹോസ്റ്റലിൽ എത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഹോസ്റ്റലിൽ നി​ന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കും. കുട്ടികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. 40 വീതം ആൺകുട്ടികളും പെൺകുട്ടികളും സഹിതം 80 വിദ്യാർത്ഥികളാണ് ഹോസ്റ്റലിലുള്ളത്. ലാൽ ബഹാദൂർ സ്റ്റേഡിയം കേന്ദ്രീകരിച്ചാണ് ഇവർ വിവിധ കായികയിനങ്ങളിൽ പരിശീലനം നടത്തിയിരുന്നത്. വിദ്യാർത്ഥിനികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിവരം അറിഞ്ഞതിന് പിന്നാലെ രാവിലെ ആറോടെ കളക്ടറും സിറ്റി പൊലീസ് കമ്മി​ഷണറും സ്ഥലത്തെത്തിയിരുന്നു.

സഹപാഠികളെ തൂങ്ങിമരിച്ചതിന്റെ ഞെട്ടൽ കാരണം കുട്ടികളാരും മുറികളിൽ നിന്ന് പുറത്തിറങ്ങിയില്ല. വിവരമറിഞ്ഞ് മറ്റ് കുട്ടികളുടെ മാതാപിതാക്കളും പരിശീലകരും ഹോസ്റ്റലിലെത്തി. പലരേയും അകത്തേക്ക് കടത്തിവിടാത്തത് നേരിയ തർക്കത്തിനിടയാക്കി. പരിശീലകരും ബന്ധുക്കളും പുറത്തെത്തിയതറിഞ്ഞ് ഓടിയെത്തിയ കുട്ടികൾ ഗേറ്റിനുള്ളിൽ നിന്നുതന്നെ കരഞ്ഞുകൊണ്ട് അവരോട് കാര്യങ്ങൾ പറഞ്ഞു. തിരുവനന്തപുരത്തുള്ള വൈഷ്ണവിയുടെ കുടുംബം രാവിലെ തന്നെ ഹോസ്റ്റലിലെത്തിയിരുന്നു. ഇവിടെയെത്തുമ്പോഴാണ് ഇവർ കുട്ടിയുടെ മരണവിവരമറിയുന്നത്. പൊട്ടിക്കരഞ്ഞ ഇവരെ സമാധാനിപ്പിക്കാനാകാതെ ചുറ്റുമുള്ളവർ കുഴങ്ങി. റീജിണൽ ഡയറക്ടർ വിഷ്ണു സുധാകരനെ സംഭവം അന്വേഷിക്കാൻ സായി ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് വിദ്യാർത്ഥിനികളും സായിക്ക് വലിയ പ്രതീക്ഷയുള്ള താരങ്ങളായിരുന്നു.

ചെറി​യ പ്രശ്നം, വലി​യ ദുരന്തം

ഒരു കൗൺസിലിംഗിൽ അവസാനിക്കാവുന്ന പ്രശ്നമാണ് രണ്ട് വിദ്യാർത്ഥിനികളുടെയും ആത്മഹത്യയി​ൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി.