രക്തതിലകം ചാർത്തി വെള്ളാപ്പള്ളിക്ക് വനിതാസംഘത്തിന്റെ ഐക്യദാർഢ്യം
കൊല്ലം: കൊല്ലം നഗരത്തിൽ നൂറുകണക്കിന് എസ്.എൻ.ഡി.പി യോഗം വനിതാ സംഘം പ്രവർത്തകർ രക്തതിലകം ചാർത്തി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. വനിതാ സംഘം കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ പത്ത് യൂണിറ്റുകളിൽ നിന്നുള്ള പ്രവർത്തകർ അണിനിരന്നാണ് വൈകാരികമായ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത്.
വെള്ളാപ്പള്ളി നടേശനെ വർഗ്ഗീയവാദിയാക്കാനുള്ള ആസൂത്രിത നീക്കത്തിലും അദ്ദേഹത്തെ അപകടപ്പെടുത്താനുള്ള അഹ്വാനങ്ങളിലും പ്രതിഷേധിച്ചായിരുന്നു ഐക്യദാർഢ്യ പ്രഖ്യാപനം. കൊല്ലം ക്വയിലോൺ അത്‌ലറ്റിക് ക്ലബ്ബിന് സമീപത്ത് നിന്നും ആരംഭിച്ച ഐക്യദാർഢ്യ പ്രകടനം എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം കൗൺസിലർ പി. സുന്ദരൻ എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. വെള്ളാപ്പള്ളി നടേശന്റെ ചിത്രങ്ങൾ പതിച്ച പ്ലക്കാർഡുകളും പീത പതാകകളും ഉയർത്തി ജനറൽ സെക്രട്ടറിക്ക് ഐക്യദാർഢ്യ മുദ്രാവാക്യങ്ങൾ ഉയർത്തി വനിതാസംഘം പ്രവർത്തകർ നഗരഹൃദയത്തിലൂടെ മാർച്ച് ചെയ്തു.
പ്രകടനം ചിന്നക്കട ശങ്കർ സ്ക്വയറിന് മുന്നിൽ എത്തിയ ശേഷം നടന്ന യോഗത്തിൽ വനിതാസംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റും എസ്.എൻ.ഡി.പി യോഗം കൗൺസിലറുമായ ഇ.എസ്. ഷീബ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥൻ സ്വാഗതം പറഞ്ഞു. തുടർന്ന് വനിതാസംഘം പ്രവർത്തകർ വിരലിൽ നിന്ന് രക്തമുതിർത്ത് നെറ്റിയിൽ ചാർത്തി വെള്ളാപ്പള്ളി നടേശന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയായിരുന്നു. വെള്ളാപ്പള്ളിയെ അപകടപ്പെടുത്താൻ ആഹ്വാനം ചെയ്ത മലപ്പുറത്തെ യൂത്ത് കോൺഗ്രസ് നേതാവിന്റെ കോലവും കത്തിച്ചു. യോഗം കൗൺസിലർമാരായ പി. സുന്ദരൻ, പച്ചയിൽ സന്ദീപ്, എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ. രാജേന്ദ്രൻ, യോഗം അസി. സെക്രട്ടറി വനജ വിദ്യാധരൻ എന്നിവർ സംസാരിച്ചു. വനിതാസംഘം കേന്ദ്ര സമിതി ട്രഷറർ ഗീത മധു നന്ദി പറഞ്ഞു.
ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷ്, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ, കുന്നത്തൂർ യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ, സെക്രട്ടറി ഇൻ ചാർജ്ജ് റാം മനോജ്, കൊല്ലം യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. രാജീവ് കുഞ്ഞുകൃഷ്ണൻ, ശ്രീനാരായണ ഗുരു എംപ്ലോയീസ് കൗൺസിൽ കോ- ഓർഡിനേറ്റർ പി.വി. രജിമോൻ, സംസ്ഥാന പ്രസിഡന്റ് ഡോ. എസ്. വിഷ്ണു, ശ്രീനാരായണ ഗുരു എംപ്ലോയീസ് ഫോറം സംസ്ഥാന പ്രസിഡന്റ് എസ്. അജുലാൽ, കൊല്ലം യൂണിയൻ കൗൺസിലർമാരായ നേതാജി രാജേന്ദ്രൻ, വിജയകുമാർ, പ്രതാപൻ, ഇരവിപുരം സജീവൻ, രാജ്മോഹൻ, അഡ്വ. ഷേണാജി, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവീന്ദ്രൻ, പ്രമോദ് കണ്ണൻ, യൂത്ത് മൂവ്മെന്റ് കൊല്ലം യൂണിയൻ പ്രസിഡന്റ് അഭിലാഷ് സിന്ധു, സെക്രട്ടറി വി. അഖിൽ, എംപ്ലോയീസ് ഫോറം ജില്ലാ പ്രസിഡന്റ് ഗിരീഷ് കുമാർ, ജില്ലയിലെ വനിതാ സംഘം യൂണിയനുകളുടെ ഭാരവാഹികളായ ഡോ. എസ്. സുലേഖ, ഷീല നളിനാക്ഷൻ, ഹേമലത, ഡോ. സബീന, ബീന പ്രശാന്ത്, ചിത്ര മോഹൻദാസ്, ശശിപ്രഭ, മധുകുമാരി, നിജി, ഷീല മധുസൂദനൻ, അംബിക, വിജയമ്മ, സച്ചു, അംബിക ദേവി, കൊല്ലം യൂണിയനിലെ ശാഖ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.