കുമ്പള ടോൾസമരം: എം.എൽ.എയും സി.പി.എം ഏരിയ സെക്രട്ടറിയും അറസ്റ്റിൽ
Friday 16 January 2026 1:17 AM IST
കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പ്ളാസ സ്ഥാപിക്കുന്നതിനെതിരെയുള്ള സംയുക്തസമരസമിതിയുടെ സമരത്തിന് നേതൃത്വം നൽകുന്ന എ.കെ.എം. അഷ്റഫ് എം.എൽ.എയെയും സി.പി.എം കുമ്പള ഏരിയ സെക്രട്ടറി സി.എ. സുബൈറിനെയും അറസ്റ്റ് ചെയ്തു നീക്കി.സമരപ്പന്തൽ പൊലീസ് പൊളിച്ചു മാറ്റി.
കുമ്പള ടോൾ വിഷയവുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാത്രി ഉണ്ടായ കനത്ത പ്രതിഷേധത്തിനിടെ ടോൾ പ്ലാസയിലെ ഉപകരണങ്ങളടക്കം തകർത്തിരുന്നു. ഇന്നലെ രാവിലെ എത്തിയ പൊലീസ് സംഘം നോട്ടീസ് നൽകിയതിന് ശേഷമാണ് എം.എൽ.എയെയും സമരസമിതി കൺവീനർ കൂടിയായ സുബൈറിനെയുമടക്കം അറസ്റ്റുചെയ്തു നീക്കി സമരപ്പന്തലും പൊളിച്ചത്. ടോൾ പ്ളാസയിലെ ഉപകരണങ്ങൾ തകർത്തതിന് അഞ്ഞൂറോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കുമ്പള ഇൻസ്പെക്ടർ മുകുന്ദന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. അക്രമത്തിൽ മൂന്ന് കേസുകളാണ് എടുത്തിരിക്കുന്നത്.