ക്ഷാമബത്ത കുടിശിക: കൈമലർത്തി സർക്കാർ
കൊച്ചി: സർക്കാർ ജീവക്കാരുടെയും അദ്ധ്യാപകരുടെയും സർവകലാശാലാ ജീവനക്കാരുടെയും ക്ഷാമബത്ത കുടിശികയുടെ കാര്യത്തിൽ നിവൃത്തികേടറിയിച്ച് സർക്കാർ ഹൈക്കോടതിയിൽ അധിക സത്യവാങ്മൂലം നൽകി. ക്ഷാമബത്തയെന്നത് ജീവനക്കാരുടെ നിയമപരമായ അവകാശമല്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. വൻ സാമ്പത്തിക ബാദ്ധ്യത വരുമെന്നതിനാൽ എപ്പോൾ, എങ്ങനെ നൽകണമെന്നത് സർക്കാരിന്റെ നയപരമായ തീരുമാനമാണ്. കോടതികൾക്ക് ഇടപെടാൻ പരിമിതികളുണ്ടെന്നും ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി കെ.എ. നവാസ് ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ പറയുന്നു.
ഡി.എ അനുവദിക്കുന്നതിൽ പുതിയ രീതി നടപ്പിലാക്കിയെന്നും അതത് ഉത്തരവിൽ പരാമർശിക്കുന്ന തീയതി മുതലാണ് ഇതിന് പ്രാബല്യമുണ്ടാവുകയെന്നും സർക്കാർ വ്യക്തമാക്കി. ഇതനുസരിച്ച് ജീവനക്കാർക്ക് കുടിശിക ലഭിക്കാൻ അർഹതയില്ല. പണപ്പെരുപ്പം നേരിടുന്നതിന്റെ ഭാഗമായാണ് ക്ഷാമബത്ത അനുവദിച്ചു പോന്നത്. ഇതിന് സമയക്രമം നിശ്ചയിക്കാനാകില്ലെന്നും സർക്കാർ പറയുന്നു. വാദത്തിന് സർക്കാർ സമയം തേടിയതിനെ തുടർന്ന് ജസ്റ്റിസ് എൻ. നഗരേഷ് ഹർജികൾ 22ലേക്ക് മാറ്റി.ഡി.എ കുടിശിക അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫെഡറേഷൻ ഒഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് ഉൾപ്പെടെ സമർപ്പിച്ച ഹർജികളിലാണ് വിശദീകരണം. 2023 ജൂലായ് മുതൽ 6 ഗഡുക്കളിലായി 15 ശതമാനം ക്ഷാമബത്ത കുടിശികയുണ്ടെന്നാണ് ഹർജിക്കാരുടെ വാദം.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറച്ച സാഹചര്യവും സംസ്ഥാന സർക്കാർ വ്യക്തമാക്കി. ഇത് കേരളമടക്കം സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരിക്കുകയാണ്. അനുകൂല വിധിയുണ്ടായാൽ ഇത്തരം ആവശ്യങ്ങൾ പരിഗണിക്കാനാവുമെന്നും വാദിച്ചു.