കോൺഗ്രസ് ലീഗിന് അടിമപ്പെട്ടു: ബി.ഡി.ജെ.എസ്
പാലക്കാട്: കോൺഗ്രസ് മുസ്ലിംലീഗിന് അടിമപ്പെട്ടതായി ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ.അനുരാഗ് വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ലീഗ് പറയുന്നതനുസരിച്ചാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. മതേതരത്വം പറയുന്ന കോൺഗ്രസുകാർക്ക് പാർട്ടിയിൽ നിലനിൽപ്പില്ല. കോൺഗ്രസിന്റെ നിലപാട് മതേതരത്വവുമായി പൊരുത്തപ്പെടുന്നതല്ല. കേരളത്തിൽ ഇടതു - വലതു മുന്നണികൾ നടത്തുന്ന വർഗീയ ദ്രുവീകരണ രാഷ്ട്രീയത്തെ വരുന്ന തിരഞ്ഞെടുപ്പിൽ ജനം തൂത്തെറിയും. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിക്കെതിരെ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ല പ്രസിഡൻ്റ് നടത്തിയ അധിക്ഷേപത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കളുടെ നിസംഗത പ്രതിഷേധാർഹമാണ്. പാർട്ടി സ്ഥാനാർത്ഥികളുടെ സാദ്ധ്യത ലിസ്റ്റ് ഉടൻ സംസ്ഥാന അദ്ധ്യക്ഷന് കൈമാറും. നിയോജക മണ്ഡലം ക്യാമ്പുകൾ 30ന് മുമ്പായി നടത്തും. സംസ്ഥാനത്ത് എൻ.ഡി.എയ്ക്ക് അനുകൂല സാഹചര്യമാണുള്ളത്. ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.രഘു, സെക്രട്ടറി കെ.ഗംഗാധരൻ, വൈസ് പ്രസിഡന്റ് സുരേഷ് കളത്തിൽ എന്നിവരും സംബന്ധിച്ചു.