കൈ മുറിച്ചുമാറ്റിയ സംഭവം: പിഴവ് സമ്മതിച്ച് ആശുപത്രി

Friday 16 January 2026 1:36 AM IST

പാലക്കാട്: ഒമ്പത് വയസുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ പിഴവ് സമ്മതിച്ച് പാലക്കാട് ജില്ലാ ആശുപത്രി. സർക്കാർ നിയോഗിച്ച വിദഗ്ദ്ധസംഘം ഇന്നലെ കുട്ടിയുടെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തി. ഇതിനായി ഡി.എം.ഒ ഓഫീസിലെത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തിന് നൽകിയ കത്തിലാണ് പിഴവുണ്ടായതായി ആശുപത്രി അധികൃതർ സമ്മതിച്ചതായുള്ളത്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലെ സർജറി വിഭാഗം തലവൻ ഡോ. നിസാറുദ്ദീൻ, കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഓർത്തോപീഡിക് വിഭാഗം തലവൻ ഡോ. മനോജ് കുമാർ എന്നിവരടങ്ങുന്ന സംഘം കുട്ടി വിനോദിനിയുടെയും അമ്മ പ്രസീതയുടെയും മൊഴിയെടുത്തു. അന്വേഷണം നടത്തി പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. അന്വേഷണം അട്ടിമറിക്കുമോയെന്ന് ഭയക്കുന്നതായി പ്രസീത പറഞ്ഞു. കഴിഞ്ഞ സെപ്തംബറിലാണ് ചികിത്സയ്ക്കിടെ വിനോദിനിയുടെ കൈ മുറിച്ചുമാറ്റിയത്.