തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് എത്തുന്നു, പണി കിട്ടിയത് കേരളത്തിന്
കല്ലറ: വീണടിഞ്ഞ് നേന്ത്രപ്പഴ വില.ഇതരസംസ്ഥാനങ്ങളിൽ നിന്ന് ചെറിയ വിലയ്ക്ക് എത്തുന്ന നേന്ത്രപ്പഴമാണ്, വലിയ പ്രതിസന്ധികളെ അതിജീവിച്ച് കൃഷിയിറക്കിയ കേരള കർഷകർക്ക് തിരിച്ചടിയായത്.കിലോയ്ക്ക് നൂറിനടുത്ത് വരെ എത്തിയ വിലയാണ് ഇപ്പോൾ ഇടിഞ്ഞിരിക്കുന്നത്.പല മാർക്കറ്റുകളിലും കിലോയ്ക്ക് 30 രൂപയ്ക്ക് വരെ നേന്ത്രപ്പഴം ലഭിക്കുന്നുണ്ട്.
കൃഷിവകുപ്പിന്റെ അടിയന്തര നടപടിയുണ്ടായില്ലെങ്കിൽ വലിയ കടക്കെണിയിലേക്ക് വീഴുമെന്നാണ് കർഷകർ പറയുന്നത്.ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്താണ് ഇവരിൽ പലരും കൃഷി നടത്തിയത്. വിത്തിനും വളപ്രയോഗത്തിനും പരിചരണത്തിനുമായി വലിയ തുകയാണ് മുടക്കിയത്.
ക്രിസ്മസ്, പുതുവർഷ വേളകളിൽ നല്ല ഡിമാൻഡ് ലഭിക്കുമെന്ന് കരുതിയ കർഷകർക്ക് വൻതിരിച്ചടിയാണ് നേരിട്ടത്. ഫെബ്രുവരിയോടെ വിളവെടുപ്പ് കഴിയും.ഇതിന് ശേഷം വില വർദ്ധിക്കാൻ സാദ്ധ്യതയുണ്ടെങ്കിലും ഇവിടത്തെ കർഷകർക്ക് പ്രയോജനം ലഭിക്കില്ല.ഉത്പാദന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ വൻ തുക മുടക്കി കൃഷിയിറക്കിയവർ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്.
പ്രതിസന്ധിക്ക് കാരണം
കർണാടക,തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്ന് കിലോയ്ക്ക് 18രൂപ നിരക്കിൽ വൻതോതിൽ വാഴക്കുലകൾ വിപണിയിൽ എത്തുന്നതാണ് ഇവിടത്തെ കർഷകരെ വലിയ പ്രതിസന്ധിയിലാക്കിയത്.
ഇടപെടാതെ ഹോർട്ടികോർപ്
വാഴക്കുല സംഭരണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഹോർട്ടികോർപ്പ് വിപണിയിൽ ഇതുവരെ ഇടപ്പെട്ടിട്ടില്ല. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ നേരത്തെ 32 രൂപ താങ്ങുവില പ്രഖ്യാപിച്ചിരുന്നതാണ്. പ്രകൃതിക്ഷോഭത്തിൽ കൃഷി നശിച്ചവർക്ക് 2019നുശേഷം നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. ഇൻഷ്വർ ചെയ്തവർക്ക് കൃഷിനാശത്തിനുള്ള നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല.വിഷയത്തിൽ പരിഹാരം കാണാൻ കൃഷി വകുപ്പും സർക്കാരും അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം.
വാഴയൊന്നിന് ചെലവ് 200
ഒരുനേന്ത്രവാഴ നട്ടുപരിപാലിച്ച് കുല പാകമായി വരാൻ ശരാശരി 200 രൂപയോളം ചെലവിടണം. ഇതിൽനിന്ന് ഏകദേശം ഒമ്പത് കിലോയോളം തൂക്കമുള്ള കുല ലഭിച്ചാൽ പോലും ലാഭം കിട്ടില്ല.