കേരളത്തിൽ സീസൺ തുടങ്ങിയപ്പോൾ കോളടിച്ചത് അന്യസംസ്ഥാനങ്ങൾക്ക്, കൊയ്യുന്നത് ലക്ഷങ്ങൾ
കിളിമാനൂർ: വേനൽച്ചൂടിൽ ചുട്ടുപൊള്ളുമ്പോൾ ആശ്വാസമായി തണ്ണിമത്തൻ. ദാഹം ശമിപ്പിക്കാൻ തണ്ണിമത്തൻ കച്ചവടക്കാർ ഉഷാറായി. പല നിറങ്ങളിലുള്ള തണ്ണിമത്തനുകളാണ് നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും വഴിയോരക്കടകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
സമാം,കിരൺ,നാംധാരി,വിശാൽ എന്നിവയാണ് പ്രധാനമായും വിപണിയിലുള്ളത്.കിലോയ്ക്ക് 25 മുതൽ 40 രൂപ വരെയാണ് വില. സാമാന്യം വലിപ്പം കുറഞ്ഞതും മധുരം കൂടുതലുള്ളതുമാ വിത്ത് അധികമില്ലാത്ത കിരൺ ഇനത്തിലെ തണ്ണിമത്തനാണ് ഗാർഹിക ഉപഭോക്താക്കൾക്കിടയിൽ പ്രിയം.25 രൂപയാണ് കിലോയ്ക്ക് വില. മഞ്ഞ തണ്ണിമത്തന് കിലോ 40 രൂപയാണ്.കിരണിന്റെ തന്നെ മറ്റൊരു ഇനമാണിത്.
തമിഴ്നാട്,മഹാരാഷ്ട്ര,കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ജില്ലയിലേയ്ക്ക് കൂടുതലായി തണ്ണിമത്തനെത്തുന്നത്. പാതയോരങ്ങളിൽ തണ്ണിമത്തൽ മാത്രം വിറ്റഴിക്കുന്ന നിരവധി സ്റ്റാളുകളും പെട്ടി ഓട്ടോറിക്ഷകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വേനൽ കടുക്കുന്നതോടെ വിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വേനലിലെ പ്രിയ ഫലം
പോക്കറ്റിലൊതുങ്ങുന്ന വില
ശരീരത്തിൽ ജലാംശം നിലനിറുത്താൻ ഉത്തമം
ശരീര താപനിലയെ നിയന്ത്രിക്കും
പ്രമേഹരോഗികളിൽ പഞ്ചസാരയുടെ അളവ് കൂട്ടും
ഒപ്പമുണ്ട് കരിക്കും
നാരങ്ങാവെള്ളവും
തണ്ണിമത്തന് പുറമെ കരിക്ക്,നാരങ്ങാവെള്ളം,സോഡ എന്നിവയ്ക്കും ഡിമാന്റ് കൂടി.ജ്യൂസ് കടകളിലും നല്ല തിരക്കാണ്.ജ്യൂസിന് 60 രൂപ ഈടാക്കുന്നുണ്ട്.നാടൻ കരിക്കിന് ലഭ്യത കുറവാണ്.അതിനാൽ വില അല്പമുയരും.കൂടാതെ സർബത്ത്,സോഡാ സംഭാരം,ലൈം ജ്യൂസ് വിൽക്കുന്ന കടകളും പാതയോരങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്.
പഴക്കച്ചവടം തകൃതി
ജലാംശം കൂടുതലുള്ള ഓറഞ്ച്,മുന്തിരി എന്നിവയ്ക്ക് ആവശ്യക്കാരേറി. ഓറഞ്ചിന് ഗുണനിലവാരമനുസരിച്ച് 100 രൂപ മുതലാണ് മൊത്തവില. മുന്തിരി തരം അനുസരിച്ച് കിലോയ്ക്ക് 130 - 200 രൂപയാണ് വില.മാതളനാരങ്ങയ്ക്ക് കിലോ 165 - 180 രൂപ വരെയാണ് വില.
ഫോട്ടോ: വഴിയരികിലെ തണ്ണിമത്തൻ വില്പന