ശബരിമല സ്വർണക്കൊള്ള; റിമാൻഡിലായ ശങ്കരദാസിനെ ജയിൽ ഡോക്‌ടർമാർ പരിശോധിക്കും, ആശുപത്രി മാറ്റുന്നതിൽ തീരുമാനം ഉടൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിലായ കെ പി ശങ്കരദാസിനെ ആശുപത്രി മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ തുടരുകയാണ് ശങ്കരദാസ്. സ്വകാര്യ ആശുപത്രിയിൽ ജയിലിലെ ഡോക്ടർ എത്തി പരിശോധന നടത്തിയശേഷമായിരിക്കും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമോ, അതോ ജയിലിലേക്ക് മാറ്റണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുക.
ഇന്നലെ വൈകുന്നേരം കൊല്ലം വിജിലൻസ് കോടതി ജഡ്ജി ആശുപത്രിയിലെത്തിയാണ് ശങ്കരദാസിനെ 12 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. സ്വർണപ്പാളി ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിട്ടത് ശങ്കരദാസിന്റെ അറിവോടെയാണെന്നാണ് എസ്‌ഐടിയുടെ കണ്ടെത്തൽ. ബന്ധപ്പെട്ട രേഖകളിലെല്ലാം ശങ്കരദാസ് ഒപ്പിട്ടു. സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തമെന്നും എസ്ഐടി പറയുന്നു. നേരത്തെ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അദ്ധ്യക്ഷൻ പത്മകുമാറിന്റെ മൊഴിയാണ് ശങ്കരദാസിലേക്ക് അന്വേഷണ സംഘത്തെ നയിച്ചത്.
കേസിൽ 11-ാം പ്രതിയാണ് ശങ്കരദാസ്. ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ കോടതി വിമർശിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിലായിരുന്നു ശങ്കരദാസ് . മുറിയിലേക്ക് മാറ്റിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി ശശിധരൻ ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് വിവരം ഉടൻതന്നെ പ്രോസിക്യൂട്ടർ വഴി കോടതിയിൽ അറിയിച്ചിരുന്നു.