തൃശൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; മലയാളികളായ 17 ശബരിമല തീർത്ഥാടകർക്ക് പരിക്ക്
തൃശൂർ: മലയാളികളായ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 17പേർക്ക് പരിക്ക്. തൃശൂർ കേച്ചേരി - അക്കിക്കാവ് ബൈപ്പാസിലെ പന്നിത്തടം കവലയിലാണ് സംഭവം. ഇടിച്ചയുടൻ ഇരുവാഹനങ്ങളും മറിഞ്ഞു. ബസിൽ യാത്ര ചെയ്‌തവർക്കാണ് പരിക്കേറ്റത്. ഇവരെ കുന്നംകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കേറ്റില്ല.
ഇന്ന് പുലർച്ചെ 5.10നായിരുന്നു അപകടം. ബൈപ്പാസിലൂടെ എത്തിയ ബസും വടക്കാഞ്ചേരി - ചാവക്കാട് സംസ്ഥാന പാതയിലൂടെ വരികയായിരുന്ന പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. എരുമപ്പെട്ടി പൊലീസും കുന്നംകുളം അഗ്നിരക്ഷാ സേനയും ചേർന്നാണ് അപകടത്തിൽപ്പെട്ട വാഹനങ്ങൾ മാറ്റിയത്. റോഡിൽ ഒഴുകിയ ഓയിൽ കഴുകി വൃത്തിയാക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ബൈപ്പാസ് നവീകരണത്തിന് ശേഷം സിഗ്നൽ സ്ഥാപിച്ചിട്ടും ദിവസവും ഇവിടെ അപകടങ്ങളുണ്ടാകുന്നുവെന്നാണ് പ്രദേശത്തുള്ളവർ പറയുന്നത്.