'ജ്യേഷ്ഠ സഹോദരി വീടിനെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം പോയി, ഐഷാ പോറ്റിയുടെ അവസ്ഥ എന്താകും?'
കൊല്ലം: സിപിഎം വിട്ട് കോൺഗ്രസിലെത്തിയ മുൻ എംഎൽഎ ഐഷാ പോറ്റിയെക്കുറിച്ച് വൈകാരികമായി പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജ്യേഷ്ഠ സഹോദരി വീടിനെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം പോയ വേദനയാണ് തനിക്കുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ചേർന്ന ഐഷാ പോറ്റിയുടെ അവസ്ഥ എന്താകുമെന്ന ആശങ്കയാണ് തനിക്കിപ്പോൾ ഉണ്ടാകുന്നതെന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു. കൊട്ടാരക്കര റെസ്റ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
'എല്ലാ സൗകര്യങ്ങളും സ്നേഹവും നൽകി ഒപ്പം ജീവിച്ച ജ്യേഷ്ഠ സഹോദരി വീടുവിട്ട് വീടിനെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം പോയ വേദനയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. വേദന ഇപ്പോഴും മാറിയിട്ടില്ല. ഐഷാ പോറ്റി മത്സരിച്ച മൂന്ന് തിരഞ്ഞെടുപ്പുകളിലും എനിക്കായിരുന്നു നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയ ചുമതല. അവരെ വിജയിപ്പിക്കാൻ ഒപ്പം പ്രവർത്തിച്ചു. 2006-2011 കാലഘട്ടത്തിൽ വളരെയധികം വികസന പ്രവർത്തനങ്ങൾ എത്തിക്കാൻ വിഎസ് സർക്കാരിലെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന ഞാൻ സഹായിച്ചു.
എംഎൽഎയായും മന്ത്രിയായും കൊട്ടാരക്കരയിൽ എത്തിയപ്പോൾ എല്ലാ പരിപാടികൾക്കും ഐഷാ പോറ്റിയെ ക്ഷണിച്ചു. വ്യക്തിപരമായ അസൗകര്യങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. അവർക്ക് കോൺഗ്രസുമായി ചേർന്ന് എങ്ങനെ പ്രവർത്തിക്കാനാകുമെന്ന് അറിയില്ല. മോശമായ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കോൺഗ്രസിന് കേരളത്തിന്റെ വികസനത്തെയും ക്ഷേമ പ്രവർത്തനങ്ങളെയും തടസപ്പെടുത്തുന്ന സംവിധാനമാണുള്ളത്. വ്യക്തിപരമായി എനിക്ക് ദേഷ്യമില്ല. ഒന്നുമാകാത്ത എത്രയോ സഖാക്കളുണ്ട്. അവര്‍കൂടി പ്രവര്‍ത്തിച്ചല്ലേ ജനപ്രതിനിധിയാകുന്നത്. ഇടതുപക്ഷവും പാര്‍ട്ടിയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചത് കാണേണ്ടതായിരുന്നു'- ബാലഗോപാൽ പറഞ്ഞു.
ചൊവ്വാഴ്ച കേന്ദ്ര സർക്കാരിനെതിരെ ലോക്ഭവനുമുന്നിൽ കോൺഗ്രസ് നടത്തിയ രാപകൽ സമരവേദിയിൽ അപ്രതീക്ഷിതമായെത്തിയാണ് ഐഷാ പോറ്റി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. പ്രതിപക്ഷനേതാവ് വി ഡി സതീശനൊപ്പമാണ് അവർ സമരവേദിയിലെത്തിയത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫാണ് അംഗത്വം നൽകിയത്. എഐസിസി ജനറൽ സെക്രട്ടറിമാരായ കെസി വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവർ ചേർന്ന് ഷാൾ അണിയിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കരയിൽ ഐഷാ പോറ്റി സ്ഥാനാർത്ഥിയാകുമെന്നും സൂചനയുണ്ട്.