അച്ഛന് ശേഷം മകൻ തന്നെ!
Friday 16 January 2026 10:48 AM IST
തൃശ്ശൂർ: 1991ന് ശേഷം 2026 ലാണ് മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസിൽ നിന്ന് ചാക്യാർകൂത്തിന് സംസ്ഥാന കലോത്സവത്തിലേക്ക് ഒരാൾ എത്തുന്നത്. അന്ന് ഒന്നാം സ്ഥാനം നേടിയ ഡോ.സഞ്ജുവിന്റെ മകൻ ഗൗരാംഗ് കൃഷ്ണനാണ് ഇന്ന് എ ഗ്രേഡ് നേടി താരമായത്. ഭഗവദ് ദൂത് ആയിരുന്നു ഗൗരാംഗ് അവതരിപ്പിച്ച കഥ. സ്വർണപ്പാളിയും തന്ത്രിയുടെ അറസ്റ്റും ഉൾപ്പെടെ ഭഗവദ് ദൂതിൽ പരാമർശിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 89,90,91 കാലത്ത് തുടർച്ചയായി ചാക്യാർകൂത്തിൽ ഒന്നാം സ്ഥാനം നേടിയ ഡോ.സഞ്ജു ഗൗരാംഗിന്റെ ഗുരു പൈങ്കുളം നാരായണ ചാക്യാരുടെ പ്രഥമ ശിഷ്യനുമാണ്. നേവിയിൽ മെഡിക്കൽ ഓഫീസറായിരുന്ന ഡോ.സഞ്ജു ചാക്യാർകൂത്തിൽ സജീവമാകാനായി 2011 ൽ ആണ് ജോലി വിടുന്നത്. വല്ലപ്പുഴ പി.എച്ച്.സി യിൽ മെഡിക്കൽ ഓഫീസറായ ഗൗരാംഗിന്റെ അമ്മ ഡോ.ഹീരയും ബിരുദ വിദ്യാർത്ഥിയായ സഹോദരി ഗൗരി പാർവതിയും നർത്തകരാണ്.