പണിപ്പെട്ട് ഗ്രില്ല് തകർത്ത് സ്വർണം കവർന്നു, പിന്നീട് വൻട്വിസ്റ്റ്; കിട്ടിയത് എട്ടിന്റെ പണി

Friday 16 January 2026 11:09 AM IST

പാലക്കാട്: പരുതൂരിൽ സ്വർണമെന്ന് കരുതി മുക്കുപണ്ടം കവർന്നയാളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കൊടുമുണ്ട സ്വദേശി മുജീബ് റഹ്മാന്റെ വീടിന്റെ ഗ്രില്ല് തകർത്ത് മോഷണം നടത്തിയ യുവാവിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. മുറിയിലെ അലമാരയിൽ ഭദ്രമായി സൂക്ഷിച്ച മുക്കുപണ്ടങ്ങളാണ് കവർന്നത്.

അടുക്കള ഭാഗത്തെ ഗ്രില്ല് തകർത്ത് മോഷ്ടാവ് അകത്ത് കയറുന്നതും തിരിച്ചിറങ്ങുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. പുലർച്ചയോടെയാണ് വീട്ടുകാർ വിവരം മനസിലാക്കുന്നത്. ഉടൻ തന്നെ തൃത്താല പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. കള്ളൻ ഈ പ്രദേശത്ത് ഏറെ നേരം ചു​റ്റിക്കറങ്ങിയതിനുശേഷമാണ് മുജീബ് റഹ്മാന്റെ വീട്ടിൽ കയറിയതെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊടുമുണ്ടയിലെ ഹൈസ്‌കൂളിനുസമീപത്തെ വ്യാപാര സ്ഥാപനങ്ങളിലും തൊട്ടടുത്ത വീടുകൾക്ക് ചു​റ്റും മോഷ്ടാവ് ഏറെനേരം കറങ്ങിനടന്നതും വാഹനങ്ങൾ കടന്നുപോകുമ്പോൾ ഒളിച്ചിരിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ഇതോടെ ഇന്നുരാവിലെ കൊടുമുണ്ടയിലെത്തിയ പൊലീസ് ജാഗ്രതാസമിതി യോഗങ്ങൾ വിളിച്ചുകൂട്ടി. ഈ പ്രദേശങ്ങളിൽ പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.