ജാതിക്കെതിരെ തീക്കാറ്റായി കലോത്സവവേദിയിലെ ഗൗരിയുടെ കഥാപ്രസംഗം

Friday 16 January 2026 11:24 AM IST

​​​​​തൃശൂർ: ഒടുങ്ങാത്ത ജാതി വ്യവസ്ഥയ്‌ക്കെതിരെ തീക്കാറ്റുപോലെ ആഞ്ഞടിച്ച് കഥാപ്രസംഗ വേദിയെ പ്രകമ്പനം കൊള്ളിച്ച് ഗൗരിയും സംഘവും. തകഴിയുടെ രണ്ടിടങ്ങഴിയിൽ നിന്നെടുത്ത കഥാതന്തുവായ കെടാത്ത ചൂട്ട് വേദിയിൽ അവതരിപ്പിച്ചാണ് എറണാകുളം മൊറക്കാല സെന്റ് മേരീസ് എച്ച്എസ്.എസിലെ ഗൗരിയും സംഘവും കഥപ്രസംഗത്തിൽ എ ഗ്രേഡ് നേടിയത്. കോരന്റെയും ചിരുതയുടെയും സ്‌നേഹവും ചുറ്റുപാടും നിറഞ്ഞു നിൽക്കുന്ന തൊട്ടുകൂടായ്മയുടെയും ജാതി വ്യവസ്ഥയുടെയും ഇരുണ്ട കാലത്തെ കറുപ്പിനെതിരെയുള്ള വിദ്വേഷങ്ങളും ഗൗരി വേദിയിൽ അവതരിപ്പിച്ചപ്പോൾ അത് സദസിലിരുന്ന് കാണികളുടെ നെഞ്ചിൽ തറച്ചു. ശവമടക്കാൻ സ്ഥലമില്ലാതെ കായലിൽ കെട്ടി താഴ്ത്തുന്ന രംഗങ്ങൾ ആസ്വാദകരുടെ കണ്ണ് നനച്ചു. ഒടുവിൽ നമ്മളല്ലാതെ മാറ്റാരാണ് ഇത്തരം അനീതികൾക്കെതിരെ പ്രതികരിക്കുക എന്ന ചോദ്യത്തോടെ കഥ അവസാനിക്കുമ്പോൾ സദസ് ഒന്നടങ്കം നിലക്കാതെ കരഘോഷം മുഴക്കി. ഋഷികേശ്, തോമസ്, അക്ഷത്, അനഘ, എന്നിവരാണ് ഗൗരിക്കൊപ്പം ഉണ്ടായിരുന്നത്. പ്രശസ്ത കാഥികൻ ഇടക്കൊച്ചി സലിംകുമാർ ആയിരുന്നു പരിശീലകൻ.