ആൺകുട്ടികൾ അരങ്ങുവാണ പഞ്ചവാദ്യ മത്സരത്തിൽ പെൺപട കൊട്ടിക്കയറി
തൃശൂർ: തിമിലയും മദ്ദളവും ഇടയ്ക്കയും കൊമ്പും ഇലത്താളവുമെല്ലാം വളയിട്ട കൈകള്‍ക്ക് വഴങ്ങില്ലെന്നാണെങ്കില്‍ തെറ്റി. ആണ്‍കുട്ടികള്‍ അരങ്ങുവാണ മത്സരത്തില്‍ കണ്ണൂർ സെൻ്റ് തെരേസാസ് എ.ഐ.എച്ച്.എസ്.എസിലെ പെൺപട കൊട്ടിക്കയറി എ ഗ്രേഡും സ്വന്തമാക്കി. കൊമ്പ്, ഇലത്താളം, തിമില, ഇടക്ക, മദ്ദളം എന്നീ അഞ്ചിനങ്ങളുമായി അണിനിരന്നത് പെണ്‍കുട്ടികള്‍ മാത്രം. 13 ടീം പങ്കെടുത്ത മത്സരത്തിൽ പെണ്‍കുട്ടികള്‍ മാത്ര മത്സരിച്ച ഏക ടീമും ഇവര്‍ തന്നെയാണ്. മൂന്നാംകാലത്തിൽ തുടങ്ങി നാലും അഞ്ചും കാലം പിന്നിട്ട് ത്രിപുടയിൽ കൊട്ടിക്കയറി ഇടച്ചിലോടെയായിരുന്നു മേളം അവസാനിച്ചത്. ദുർഗ ഇടക്കയിലും അനൈക മദ്ദളത്തിലും അമേയ ,വിഭ എന്നിവർ ഇലത്താളത്തിലും കൃഷ്ണേന്ദു കൊമ്പിലും ഇഷാനി, ധ്യാന എന്നിവർ തിമിലയിലും അമരക്കാരായി. അമേയ മോഹിനിയാട്ട മത്സരം പൂർത്തിയായ ഉടൻ മോഹിനിയാട്ട വേഷത്തിൽ തന്നെയാണ് ഹൈസ്കൂൾ വിഭാഗ പഞ്ചവാദ്യ മത്സരത്തിൽ എത്തിയത്. കൊമ്പിൽ പയ്യന്നൂർ ബാബു, തിമിലയിൽ പ്രമോദ് മാരാർ, മദ്ദളത്തിൽ ഉണ്ണികൃഷ്ണമാരാർ എന്നിവർ ആശാന്മാരായി.തുടർച്ചയായി 18 വർഷമായി സ്കൂളിൽ നിന്ന് പെൺകുട്ടികളുടെ പഞ്ചവാദ്യസംഘം മത്സരത്തിന് എത്തുന്നത്.