മാപ്പിളപ്പാട്ടു വേദിയിൽ അധികവും കേൾക്കുന്നത് ഫസലിന്റെ ഇശലുകള്‍; ഇത്തവണയും മാറ്റമില്ല

Friday 16 January 2026 11:50 AM IST

​​​​തൃശൂർ :അദ്ധ്യാപകനും എഴുത്തുകാരനുമായ ഫസൽ കൊടുവളളിയുടെ വരികൾ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട് മത്സരങ്ങളിൽ നിറഞ്ഞു നിന്നു. പാട്ടുകൾ കേൾക്കാൻ ഫസൽ സദസിലും. ഫ്‌ളവേഴ്‌സ് ടി.വി ടോപ് സിംഗർ വിജയിയും എറണാകുളം കൊങ്ങോറപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥിയുമായ ശ്രീനന്ദ് തുടർച്ചയായി മൂന്നാം തവണയാണ് ഫസലിന്റെ ഗാനവുമായി എത്തുന്നത്. ഇടുക്കി ജി.വി.എച്ച്.എസ് നെടുങ്കണ്ടത്തിലെ സിജ്‌ന, പാലക്കാട് പെരിങ്ങോട് എച്ച്.എസ്.എസ് ലെ ഷെമിൽ, വെട്ടനാട് ജി.വി.എച്ച്.എസിലെ അജ്‌സൽ എന്നിവരും ഫസലിന്റെ ഇശലുകൾക്ക് എന്ന വരികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ഹിജ്രാ യാത്രയെ സദസ്സിന് മുന്നിൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷവും ഈ ഗാനം മാപ്പിളപ്പാട്ട് വേദിയിൽ ശ്രദ്ധ നേടിയിരുന്നു. തൃശൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ യാദവ് വിജയൻ, പാലക്കാട് കേരളശേരി എച്ച്.എസ്.എസ് വിദ്യാർത്ഥിയും റിയാലിറ്റി ഷോ താരവുമായ ശ്രീഹരി എന്നിവർ ഫസലിന്റെ ഉഹ്ദ് സബീനയിലെ പാട്ടും മലപ്പുറം ജി.എച്ച്.എസ്.എസ് വാണിയമ്പലം സ്‌കൂളിലെ ശ്രേയ, ചെങ്ങന്നൂർ വൺമണി എം.ടി.എച്ച്.എസ് ലെ അശ്വിൻ പ്രകാശും തൃക്കല്യാണമാലയിലെ പാട്ടുമാണ് ആലപിച്ചത്. കൊടുവള്ളി വലിയപറമ്പ സ്‌കൂളിലെ അദ്ധ്യാപകനാണ് ഫസൽ.