കാടിറങ്ങി വന്ന കലകൾ കലോത്സവവേദിയെ വൈബാക്കുമ്പോൾ
തൃശൂർ: കാടിറങ്ങി വന്ന കലകൾ. പണിയ നൃത്തം, മംഗലം കളി, ഇരുള നൃത്തം, പളിയ നൃത്തം, മലപ്പുലയ ആട്ടം കലോത്സവത്തിന്റെ ഭാഗമായിട്ട് ഇത് രണ്ടാം വർഷം. ജെൻസി പിള്ളരുൾപ്പെടെ ഗോത്രകലയുടെ വൈബ് ആസ്വദിക്കുകയാണിപ്പോൾ. ഇന്നലെ പണിയനൃത്തം ആസ്വദിക്കാൻ നീലക്കുറിഞ്ഞി നിറഞ്ഞിരുന്നു. ഇന്ന് മംഗലംകളി കാണാനും അതേ വേദിയിൽ തിരക്ക്. നാളെ മലപ്പുലയ ആട്ടം, മറ്റന്നാൾ ഇരുളനൃത്തം, പളിയ നൃത്തം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗോത്രകലയ്ക്ക് പങ്കാളിത്തം കൂടുകയാണ്.
കാര്യമറിഞ്ഞ് കളി കാണാം
പണിയ നൃത്തം വയനാട് ജില്ലയിലെ പണിയ വിഭാഗക്കാരുടെ കലാരൂപം. വട്ടക്കളി, കമ്പളക്കളി എന്നീപേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. വൃത്താകൃതിയിൽ നിന്നുകൊണ്ടാണ് ചുവടുവെയ്ക്കുന്നത്.
വിശേഷ അവസരങ്ങളിലും ഒഴിവു സമയങ്ങളിലും വട്ടക്കളി അവതരിക്കാറുണ്ട്. അരാട്ടിത്തുണിയും കുന്നിക്കുരു കൊണ്ടുള്ള കമ്മലും കാശിമാലയും ഒറ്റച്ചേലയുമാണ് സ്ത്രീകളുടെവേഷം. മൂന്ന് പുരുഷൻമാർചേർന്ന് കൊട്ടുന്ന തുടിയുടെ താളത്തിൽ സ്ത്രീകൾ ചുവടു വെക്കുന്നതാണ് ഈ കലാരൂപത്തിന്റെ രീതി. ചീനി ഊത്തിൽ വിദഗ്ധനായ മറ്റൊരാളും പണിയനൃത്തത്തിൽ ഉണ്ടായിരിക്കും.
മംഗലം കളി
മാവിലൻവേട്ടുവ ആദിവാസി സമൂഹങ്ങളുടെ വിവാഹാഘോഷങ്ങളിലെ കലാരൂപം. തുടിതാളത്തിനൊപ്പം തുളു ഭാഷയിലെ വരികളാണ് മംഗലം കളിയുടെ പ്രത്യേകത. വിവാഹത്തിന്റെ തലേന്ന് സ്ത്രീപുരുന്മാർ പാട്ടിന്റെയും തുടിയുടെയും താളത്തിനൊത്ത് നൃത്തം ചെയ്യുന്നതാണ് രീതി. ആടിപ്പാടി ആവേശം കൂടി അവസാനത്തിലെത്തുമ്പോഴേയ്ക്കും സ്വന്തംദേഹത്ത് അടിച്ചടിച്ച് കളി പുരോഗമിക്കും.
ഇരുള നൃത്തം
അട്ടപ്പാടി പ്രദേശത്തെ ഇരുള സമുദായക്കാർ അവതരിപ്പിക്കുന്ന കലാരൂപം. നൃത്തത്തിനും സംഗീതത്തിനും തുല്യ പ്രാധാന്യം. പ്രാദേശിക ദൈവമായ മല്ലീശ്വരനെ ഉണർത്താനാണ് ഇരുളർ നൃത്തം ചെയ്യുന്നത്. കൃഷിയോടനുബന്ധിച്ചും ജനനം, പ്രായപൂർത്തിയാകൽ, വിവാഹം, മറ്റു ആഘോഷങ്ങൾ, മരണം എന്നിവയോടനുബന്ധിച്ചുമെല്ലാം ഇവർ നൃത്തം ആടുന്നു. തുകൽ, മുള മുതലായവ കൊണ്ട് നിർമിച്ച വാദ്യങ്ങളുടെ താളത്തിലാണ് ഇരുള നൃത്തം ആടുന്നത്. തമിഴും കന്നടയും മലയാളവും കലർന്ന ഭാഷയാണ് പാട്ടുകളുടെ ഭാഷ.
പളിയനൃത്തം ഇടുക്കി കുമളിയിൽ താമസിക്കുന്ന പളിയർ ജനവിഭാഗത്തിന്റെ പാരമ്പര്യ നൃത്തരൂപം. മഴ പെയ്യുന്നതിനും രോഗശമനത്തിനുംവേണ്ടിയാണ് ഈ നൃത്തം അവതരിപ്പിച്ചിരുന്നത്. അമ്മദൈവമായ എളാത്ത് പളച്ചി എന്നദേവതയെ ആരാധിക്കുന്നതിന്‌വേണ്ടിയാണ് പളിയ നൃത്തം അവതരിപ്പിക്കപ്പെടുന്നതെന്നും പറയപ്പെടുന്നു.
മലപ്പുലയ ആട്ടം
ഇടുക്കിയിലെ മലപ്പുലയൻ വിഭാഗത്തിൽപെട്ടവരുടെ തനത് കലാരൂപം. മാരിയമ്മൻ, കാളിയമ്മൻ, മധുരമീനാക്ഷി എന്നീദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായാണ് ഈ നൃത്തം അവതരിപ്പിക്കുന്നത്. ചിക്കു വാദ്യം, കിടിമുട്ടി, കട്ടവാദ്യം എന്നീ ഉപകരണങ്ങളുടെ താളത്തിലാണ് ചുവടുവെയ്ക്കുന്നത്.കോലുകൾ അടിച്ച് താളത്തിന്റെവേഗതയ്ക്ക് അനുസരിച്ച് ചുവടുകൾ മാറ്റിയാണ് നൃത്തം.