ആദ്യ ഗുരു ആരെന്നുള്ള ചോദ്യത്തിന് മറുപടി ഇങ്ങനെ; അച്ഛനെ ഞെട്ടിച്ച മകൻ
തൃശൂർ: ഹൈസ്‌കൂൾ വിഭാഗം വീണ മത്സരത്തിൽ എ ഗ്രേഡ് നേടിയ പത്താം ക്ലാസുകാരൻ ദക്ഷിൺ നാരായണനോട് വീണയിലെ ആദ്യ ഗുരു ആരെന്നു ചോദിച്ചാൽ ചിരിക്കും. അവന്റെ ഗുരു അവൻ തന്നെ എന്ന് പിതാവ് ബാബു നാരായണന്റെ മറുപടി. ആ സത്യം അച്ഛനറിയുന്നതും ഞെട്ടലോടെയാണ്!. ഫ്ളാഷ് ബാക്ക് ഇങ്ങനെ. ദക്ഷിണിന് 10 വയസ്. ഒരു ദിവസം വീടിനകത്ത് നിന്ന് തുമ്പിവാ തുമ്പക്കുടത്തിൽ എന്ന വീണാനാദം.
ചെന്നുനോക്കുമ്പോൾ മകൻ ദക്ഷിൺ വീണ വായിക്കുന്നു. അന്നേ വീട്ടിൽ വീണയുണ്ട്. യു ട്യൂബിൽ വീണ വായിക്കുന്നത് കണ്ട് മനസിലാക്കി അച്ഛനറിയാതെ പഠിക്കുകയായിരുന്നു. ഇപ്പോൾ കെ.എസ്.ചിത്ര, സുദീപ് തുടങ്ങിയ പിന്നണി ഗായകരുടെ സംഗീത പരിപാടികളിൽ വീണ വായിക്കുന്ന ആളായി ദക്ഷിൺ മാറി. വീണ ഫ്യൂഷനും അവതരിപ്പിക്കാറുണ്ട്. ഇപ്പോൾ പി.സൗന്ദർരാജിന്റേയും സുധ ആത്മരാം ചേർത്തല എന്നിവരുടെയും ശിഷ്യനാണ്. ചേർത്തല സി.എം.സി പത്താം വാർഡിൽ വാടകവീട്ടിലാണ് താമസം. അനീഷ്യ നാരായണാണ് അമ്മ.
''കർണാടിക് വീണവാദകൻ രാജേഷ് വൈദ്യയുടെ വീണവാദനം യു ട്യൂബിൽ കണ്ട് മനസിലാക്കിയാണ് വീണവായിക്കാൻ ശ്രമിച്ചത്. ഭാവിയിൽ അദ്ദേഹത്തെ പോലെ അറിയപ്പെടുന്ന വീണവാദകൻ ആകണമെന്നാണ് ആഗ്രഹം''
ദക്ഷിൺ നാരായൺ