'ഞങ്ങടെ നാട്ടില് ഒരു ഉത്സവം നടക്കുമ്പോ കാണാതിരിക്കുന്നത് എങ്ങനാ?'; വീൽചെയറിൽ സാവിത്രിയമ്മ കലോത്സവ വേദിയിലെത്തി
തൃശൂർ: 'ഞങ്ങടെ നാട്ടില് ഒരു ഉത്സവം നടക്കുമ്പോ.... കാണാതിരിക്കുന്നത് എങ്ങനാ ?' വീൽ ചെയറിൽ കലോത്സവം കാണാനെത്തിയ 89കാരി സാവിത്രി അമ്മയുടെ ചോദ്യം. ഹൃദ്രോഗത്തെത്തുടർന്ന് 19 വർഷം കിടപ്പിലായ സാവിത്രി അമ്മയ്ക്ക് കരുത്ത് പകർന്ന യാത്രകൾ തുടരുകയാണ്. ചൂണ്ടലിലെ എടവന വീട്ടിൽ നിന്നും മകൻ രാജഗോപാലിനോടൊപ്പം രാവിലെ എട്ടിന് തിരിച്ചതാണ്. ക്ഷേത്രവും ക്ഷേത്രകലകളും ഒത്തിരി ഇഷ്ടമായ അമ്മയ്ക്ക് ആദ്യ കാഴ്ച സാഹിത്യ അക്കാഡമി വേദിയിലെ ഓട്ടൻ തുള്ളലായി. പിന്നീട് മറ്റ് വേദികളിലേക്കുമെത്തി. സ്‌ട്രോക്ക് വന്ന ശേഷം അമല ആശുപത്രിയിലെ ചികിത്സയിലൂടെയാണ് അമ്മ ജീവിതത്തിലേക്ക് തിരിച്ചു വന്നത്. അച്ഛനും സഹോദരിയും മരിച്ചതോടെ അമ്മയ്ക്ക് കൂട്ടാകാൻ ഗൾഫിലെ ജോലി ഉപേക്ഷിച്ച് രാജഗോപാൽ നാട്ടിലെത്തി. അമ്മ അസുഖ ബാധിതയായതോടെ രാജഗോപാൽ വിവാഹം മറന്നു. അമ്മ സുഖപ്പെട്ടപ്പോഴേക്കും വയസ് അർദ്ധസെഞ്ച്വറി പിന്നിട്ടു. തുടർന്ന് ഇരുവർക്കും യാത്ര ആനന്ദമായി. ഇരുവരും ചേർന്ന് ഹാപ്പിനെസ് മെഡിസിൻ എന്ന ഹ്രസ്വ ചിത്രവും പുറത്തിറങ്ങി. മുഖ്യമന്ത്രി പിണറായി വിജയനെയും മഞ്ജു വാരിയരെയും നേരിൽ കണ്ടിട്ടുണ്ട് അമ്മ. ഇനിയൊരു മോഹമുണ്ട്, കലോത്സവത്തിനെത്തുന്ന ലാലേട്ടനെ കാണണം.