രാഹുലിന്റെ ജാമ്യാപേക്ഷയിലെ വാദം അടച്ചിട്ട മുറിയിൽ പൂർത്തിയായി, നാളെ വിധി പറയും
പത്തനംതിട്ട: ലൈംഗിക പീഡനക്കേസിൽ റിമാൻഡിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതിമുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതിമുറിയിൽ വാദം കേൾക്കണമെന്ന ആവശ്യം തിരുവല്ല മജിസ്ട്രേറ്റ് കോടതിയെ ധരിപ്പിച്ചത്. ജാമ്യാപേക്ഷയില്‍ കോടതി നാളെ വിധി പറയും.
രാഹുൽ മാങ്കൂട്ടത്തിലിനുവേണ്ടി അഡ്വ. ശാസ്തമംഗലം അജിത്താണ് ഹാജരായത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കൂടി പരിഗണിച്ചായിരിക്കും ജാമ്യാപേക്ഷയിൽ കോടതി തീരുമാനം പറയുക. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ രാഹുലിനെ പീഡനം നടന്നതായി പറയപ്പെടുന്ന തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്യലടക്കം രാഹുൽ സഹകരിക്കുന്നില്ലെന്ന കാര്യം സ്റ്റേറ്റ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കും.
അതേസമയം, രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്റെ സൈബർ അധിക്ഷേപത്തിൽ പരാതിക്കാരി പ്രതികരിച്ചിട്ടുണ്ട്. രാഹുലിനെതിരെ പരാതി നൽകിയ മൂന്നാമത്തെ യുവതിയാണ് ഫെന്നി പുറത്തുവിട്ട ചില ചാറ്റുകളെക്കുറിച്ച് പ്രതികരിച്ചത്. ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ടുവരുന്നത് തടയാനാണെന്നും ചാറ്റിന്റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്നും പരാതിക്കാരി ഒരു മാദ്ധ്യമത്തോട് പറഞ്ഞു. തലയും വാലുമില്ലാത്ത ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നതെന്നും യുവതി വ്യക്തിമാക്കി.