ശബരിമല സ്വർണക്കൊള്ള; 15 സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചു
കൊല്ലം: ശബരിമല സ്വർണക്കൊള്ളയിൽ ഏറെ നിർണായകമായ ശാസ്ത്രീയ പരിശോധനാ റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. ദ്വാരപാലക ശില്പം, കട്ടിളപ്പാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. വിഎസ്‌എസ്‌സിയിൽ നടത്തിയ പരിശോധനാ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിച്ചത്. 2019ൽ ഇളക്കിക്കൊണ്ടുപോയ പാളികളിൽ നിന്ന് എത്ര സ്വർണം തട്ടിയെടുത്തെന്ന കാര്യമറിയാൻ പരിശോധനാഫലം നിർണായകമാകും. മുദ്രവച്ച കവറിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
സ്വർണം പൂശിയ ചെമ്പുപാളികളുടെയും പരിശോധനാഫലവും കൈമാറിയിട്ടുണ്ട്. പാളികള്‍ മാറ്റിയോ?പുതിയ പാളികളിലാണോ സ്വർണം പൂശിയത്? പഴയപാളികൾ ഇപ്പോഴും സുരക്ഷിതമാണോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ പരിശോധനാ ഫലം പുറത്തുവരുന്നതോടെ വ്യക്തമാകും.
അതേസമയം, ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരര്‍ക്കും കുരുക്ക് മുറുകുകയാണ്. വാജി വാഹനം ഉൾപ്പെടെയുള്ളവ തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന് സൂചിപ്പിക്കുന്ന ഉത്തരവ് പുറത്തുവന്നതാണ് കേസിൽ നിർണായകമാകുന്നത്. 2012ൽ ബോർഡ് കമ്മീഷണറായിരുന്ന എൻ വാസു പുറത്തിറക്കിയ ഉത്തരവാണിത്. ഇത് സർക്കുലറായി എല്ലാ ഓഫീസുകളിലും എത്തിയിട്ടുണ്ട്.
പുതിയത് സ്ഥാപിക്കുമ്പോൾ പഴയ വസ്തുക്കൾ ക്ഷേത്രത്തിന്റെ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ഉത്തരവിലുള്ളത്. പഴയത് ദേവസ്വത്തിന്റെ തന്നെ സ്വത്തായിരിക്കുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കുന്നത്. ഇത് നിലനിൽക്കേയാണ് കൊടിമരത്തിലുണ്ടായിരുന്ന വാജിവാഹനം അന്നത്തെ ദേവസ്വം ബോർഡ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ പ്രയാർ ഗോപാലകൃഷ്ണനും ബോർഡ് അംഗമായിരുന്ന അജയ് തറയിലും ചേർന്ന് തന്ത്രി കണ്‌ഠരര് രാജീവർക്ക് കൈമാറിയത്. ഇതിന് ദേവസ്വം ഉദ്യോഗസ്ഥരും സാക്ഷിയാണ്.