സ്‌കൂൾ വിട്ടുവന്ന വിദ്യാർത്ഥിനിയെ ഓടിച്ചിട്ട് കടിച്ച് വളർത്തുനായ; മറ്റൊരാൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
Friday 16 January 2026 3:41 PM IST
കോഴിക്കോട്: അഴിച്ചുവിട്ട വളർത്തുനായ കടിച്ച് സ്‌കൂൾ വിദ്യാർത്ഥിനിക്ക് പരിക്ക്. പ്ലസ്‌ടു വിദ്യാർത്ഥിനിയായ അഭിഷയ്‌ക്കാണ് കടിയേറ്റത്. കോഴിക്കോട് മുക്കത്താണ് സംഭവം. സ്‌കൂൾ വിട്ട് വീട്ടിലേക്ക് വരുന്ന വഴി നായ ആക്രമിക്കുകയായിരുന്നു. കാലിനും കൈയ്‌ക്കും പരിക്കേറ്റ അഭിഷയെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച് പ്രതിരോധ കുത്തിവയ്‌പുകൾ നൽകി.
മണാശേരി സ്വദേശിയായ വിനോദിന്റെ മകളാണ് അഭിഷ. വീടിന്റെ അയൽവക്കത്ത് വളർത്തുന്ന ജർമ്മൻ ഷെപേർഡ് ഇനത്തിൽപ്പെട്ട നായയാണ് വിദ്യാർത്ഥിനിയെ ആക്രമിച്ചത്. അഭിഷയെ ആക്രമിച്ചതിനു പിന്നാലെ മറ്റൊരു വിദ്യാർത്ഥിയെയും നായ ആക്രമിക്കാൻ ശ്രമിച്ചു. കെഎംസിറ്റി കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിനി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയതിനാലാണ് നായയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.