അത്യാഹിതങ്ങളിൽ ഇനി 'എ.ഐ' കാവൽ; അത്യാധുനിക ആംബുലൻസുമായി രാജഗിരി

Saturday 17 January 2026 12:05 AM IST
രാജഗിരി എ.ഐ ആംബുലൻസ് മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ഫ്ലാഗ് ഓഫ് ചെയ്യുന്നു

ആലുവ: അത്യാഹിത ഘട്ടങ്ങളിൽ രോഗികൾക്ക് വിദഗ്ദ്ധ പരിചരണം ഉറപ്പാക്കാൻ അത്യാധുനിക എ.ഐ ഗവേൺഡ് ആംബുലൻസ് സംവിധാനവുമായി രാജഗിരി ആശുപത്രി. യു.എസ് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ കമ്പനിയായ ഏറ്റിയാനുമായി സഹകരിച്ച് സജ്ജമാക്കിയ പദ്ധതി മുൻ ചീഫ് സെക്രട്ടറി പോൾ ആന്റണി ഉദ്ഘാടനം ചെയ്തു. എ.ഐ അധിഷ്ഠിത ആംബുലൻസ് സംവിധാനം നടപ്പിലാക്കുന്ന കേരളത്തിലെ ആദ്യ ആശുപത്രിയാണിത്. ആംബുലൻസിലെ എ.ഐ അൽഗോരിതവും ടു-വേ വീഡിയോ ക്യാമറകളും വഴി രോഗിയുടെ ഹൃദയമിടിപ്പ്, രക്തസമ്മർദ്ദം, ഓക്സിജൻ നില തുടങ്ങിയ വിവരങ്ങൾ തത്സമയം ആശുപത്രിയിലെ ഡോക്ടർമാരുടെ സ്ക്രീനിൽ ലഭ്യമാകും. രാജഗിരി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി, ഏറ്റിയാൻ എ.ഐ മെഡിക്കൽ ഡയറക്ടർ ഡോ. വസന്ത് ബെതാല, ടെലിമെഡിസിൻ സർവീസ് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് കെവിൻ ദേവസ്യ, ഡോ. സണ്ണി പി. ഓരത്തേൽ തുടങ്ങിയവർ പങ്കെടുത്തു. ഏറ്റിയാൻ സ്ഥാപകനും സി.ഇ.ഒയുമായ ശ്രീനിവാസ് സർദാർ ഓൺലൈനായി സംബന്ധിച്ചു.