ദമയന്തിയെത്തി, മന്ത്രിയായി

Friday 16 January 2026 7:39 PM IST

തൃശൂർ: കാലിക്കറ്റ് സർവകലാശാല യുവജനോത്സവ വേദിയിൽ അഞ്ച് തവണ കലാകിരീടം നേടിയ 'ദമയന്തി' വീണ്ടും കലോത്സവ വേദിയിലെത്തി. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവാണ് ആ താരം. ഹയർ സെക്കൻഡറി വിഭാഗം കഥകളി മത്സരം കാണാനെത്തിയ മന്ത്രി, വിദ്യാർത്ഥികൾക്കൊപ്പം സെൽഫിയെടുത്തും ആശംസകൾ നേർന്നുമാണ് മടങ്ങിയത്.

'ഞാനും കഥകളിക്കാരിയാണ്. ഇവിടേക്ക് വരുമ്പോൾ പഴയ കലോത്സവക്കാലം ഓർമ്മയിലേക്ക് വരുന്നു. ഈ കലാപ്രകടനത്തിന് പിന്നിൽ വലിയ പ്രയത്‌നമുണ്ട്. എല്ലാവർക്കും ആശംസകൾ നേരുന്നു' - മന്ത്രി പറഞ്ഞു.

1980കളിലാണ് സർവകലാശാല കലോത്സവ വേദികളിൽ ഡോ. ആർ. ബിന്ദു തിളങ്ങിനിന്നിരുന്നത്. കലാനിലയം രാഘവനാശാന്റെ ശിഷ്യയായ ഇവർ, 2023ൽ മന്ത്രിയായിരിക്കെ കൂടൽമാണിക്യം ക്ഷേത്രോത്സവ വേദിയിലും നളചരിതത്തിലെ ദമയന്തിയായി വേഷമണിഞ്ഞിരുന്നു.

അവതരിപ്പിക്കുന്നത് പെൺകുട്ടികളാണെങ്കിലും എച്ച്.എസ്.എസ് വിഭാഗം കഥകളിയിൽ നിറഞ്ഞത് പുരുഷവേഷങ്ങളായിരുന്നു. എച്ച്.എസ്.എസ് വിഭാഗം കഥകളി അവതരിപ്പിച്ച 17 പേരിൽ 16 പേർക്കും എ ഗ്രേഡ് ലഭിച്ചു. ഒരാൾക്ക് ബി ഗ്രേഡും.