നൂറല്ല, അതുക്കും അപ്പുറം

Saturday 17 January 2026 12:11 AM IST

?​ വലിയ പ്രതീക്ഷയിലാണല്ലോ, 100 തികയുമോ?

 നൂറല്ല, അതുക്കും അപ്പുറമാണ്! ഫലം കാണുമ്പോഴറിയാം. കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക സാഹചര്യം യു.ഡി.എഫിന് അനുകൂലമാണ്. കഴിഞ്ഞ പത്തുവർഷം കേരളം മുരടിച്ചുപോയതും,​ അയ്യപ്പനെപ്പോലും കൊള്ളയടിച്ചതും ജനം കണ്ടതാണ്.

?​ സി.പി.എം ഗൃഹസന്ദർശനം തുടങ്ങിയിട്ടുണ്ട്.

 അയ്യപ്പനെ വരെ കൊള്ളയടിച്ചിട്ട് ഗൃഹ സന്ദർശനം നടത്തിയിട്ട് എന്തു കാര്യം? പാർട്ടിയുടെ മുൻ എം.എൽ.എ അടക്കം ജയിലിൽ കിടക്കുമ്പോൾ എന്ത് ധാർമികതയാണ് അവർക്ക് വിശദീകരിക്കാനുള്ളത്?​ അവരുടെ ധാർമികതയെ ആര് വിശ്വസിക്കും!

?​ രാഹുൽ മാങ്കൂട്ടത്തിലിനോട് രാജിവയ്ക്കാൻ ആവശ്യപ്പെടാത്തത്...

 എന്തിനാണ് രാഹുലിന്റെ രാജി ഞങ്ങൾ ആവശ്യപ്പെടുന്നത്?​ ആരോപണമുണ്ടായപ്പോൾ, പരാതിപോലും കിട്ടാതിരുന്നിട്ടും അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയില്ലേ. അയാളിപ്പോൾ കോൺഗ്രസിൽ ഇല്ല. ശബരിമല സ്വർണകൊള്ളയിൽ പിടിച്ച നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കാത്ത സി.പി.എമ്മിന് എന്ത് ധാർമ്മികതയാണ് കോൺഗ്രസിനെ വിമർശിക്കാനുള്ളത്? രാഹുൽ വിഷയത്തിൽ സി.പി.എം കോൺഗ്രസിനെ ധാർമ്മികത പഠിപ്പിക്കേണ്ട.

?​ എൽ.ഡി.എഫിൽ നിന്ന് കക്ഷികളും നേതാക്കളും വരുമെന്നു പറഞ്ഞിട്ട് വിസ്മയമൊന്നും കാണുന്നില്ലല്ലോ.

 കോൺഗ്രസോ യു.ഡി.എഫോ ഇടതു മുന്നണിയിലെ ഒരു കക്ഷിയെയും അങ്ങോട്ടുപോയി കണ്ടിട്ടില്ല. ഒരു ചർച്ചയും നടത്തിയിട്ടില്ല. അതേസമയം,​ ഇങ്ങോട്ടു വരണമെന്ന് ആഗ്രഹിക്കുന്നവർക്ക് വരാം,​ ചർച്ച നടത്താം. ആളെപ്പിടിക്കാൻ ചാക്കുമായി നടക്കുന്ന പാർട്ടിയല്ല കോൺഗ്രസ്.

?​ അടൂർ പ്രകാശ് മത്സരിക്കുന്നുണ്ടോ?​ എം.പിമാരുടെ സംഘം തന്നെ മത്സരിക്കാൻ ഹൈക്കമാൻഡിനെ സമീപിച്ചിട്ടുണ്ടല്ലോ...

 മത്സരിക്കണമെന്ന ആവശ്യവുമായി ‍ഞാൻ ആരെയും ബന്ധപ്പെട്ടിട്ടില്ല. പാർട്ടി പറഞ്ഞാൽ മത്സരിക്കും. തീരുമാനം എ.ഐ.സി.സിയുടേതാണ്. എം.പിമാർ ഒന്നടങ്കം മത്സരിക്കാനൊരുങ്ങുന്നു എന്നത് എനിക്കറിയില്ല. കാരണം,​ കേരളത്തിൽ ഏതു സീറ്റിലും മത്സരിക്കാൻ സ്ഥാനാർത്ഥികൾക്ക് ക്ഷാമമില്ലാത്ത,​ മിടുക്കരായ നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്.

?​ ഇത്തവണത്തെ മുൻഗണനയിൽ യുവാക്കളും വനിതകളുമുണ്ടോ.

 യുവാക്കൾക്കും വനിതകൾക്കും അർഹമായ പ്രാധാന്യമുണ്ടാവും. പക്ഷെ ഇത്തവണ മുൻഗണന ജയിക്കുന്ന നേതാക്കൾക്കാണ്. അവരുടെ പ്രായമല്ല പ്രശ്‌നം, ജനകീയതയാണ്.