ജനങ്ങളിൽ നിന്ന് അകന്നിട്ടില്ല
? സി.പി.എം ജനങ്ങളിൽ നിന്ന് അകലുന്നു എന്നതിന് മറുപടിയാണോ ഗൃഹസന്ദർശനം.
പാർട്ടി എല്ലാകാലത്തും ഗൃഹസന്ദർശനങ്ങൾ നടത്താറുണ്ട്. അതിന്റെ ലക്ഷ്യം തിരഞ്ഞെടുപ്പ് മാത്രമല്ല. ജനങ്ങളുടെ വ്യക്തിപരവും സാമൂഹികവുമായ പ്രശ്‌നങ്ങളിലൂടെ സഞ്ചരിക്കുക. അതിനൊപ്പം, പാർട്ടിക്കും സർക്കാരിനുമെതിരായ തെറ്റായ പ്രചരണങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെടുത്തുക. അതാണ് ഗൃഹസന്ദർശനംകൊണ്ട് ലക്ഷ്യംവയ്ക്കുന്നത്.
? ജനങ്ങളിൽ നിന്ന് അകന്നതാണോ തദ്ദേശ പരാജയം.
അങ്ങനെയൊരു വിലയിരുത്തൽ പാർട്ടി നടത്തിയിട്ടില്ല. ഇപ്പോൾ നടക്കുന്ന കേന്ദ്ര കമ്മിറ്റി മുതൽ ബ്രാഞ്ചുവരെ ഈ അവലോകനം നടക്കും. പത്തുവർഷം കേരളത്തിന് ഗുണകരമായി പ്രവർത്തിച്ച സർക്കാരായിട്ടും ഉദ്ദേശിച്ച ഫലം തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. അത് ജനം പാർട്ടിയിൽ നിന്ന് അകന്നതാണോ,പാർട്ടി ജനങ്ങളിൽ നിന്ന് അകന്നതാണോ എന്ന് പരിശോധിക്കും. ജനത്തെ കുറ്റപ്പെടുത്തുന്നില്ല. എന്താണ് സംഭവിച്ച കുറവുകൾ, എന്തു തെറ്റാണ് പറ്റിയത്, എന്താണ് ജനം ഇടതുപക്ഷത്തിൽ നിന്ന് ആഗ്രഹിച്ചത്... അതെല്ലാം പരിശോധിച്ചുള്ള തിരുത്തലുകളുണ്ടാവും.
? രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കാത്തത് ചോദ്യം ചെയ്യുമ്പോൾ ശബരിമല തിരിച്ചടിക്കുന്നില്ലേ.
രാഹുലിനെതിരെ കോൺഗ്രസ് നടപടി എടുത്തെന്ന് പറയുമ്പോഴും, എന്തുകൊണ്ടാണ് അറസ്റ്റിലായ ഒരു എം.എൽ.എയെ പുറത്താക്കണമെന്ന് കേരളം ഒന്നടങ്കം ആവശ്യപ്പെടുമ്പോഴും കോൺഗ്രസ് മിണ്ടാതിരിക്കുന്നത്?രാഹുൽ കോൺഗ്രസുകാരനല്ലെങ്കിൽ പിന്നെ എന്താണ് പ്രശ്‌നം. അതാണ് ഇടതുപക്ഷം രാഷ്ട്രീയമായി ഉന്നയിക്കുന്നത്. പിന്നെ ശബരമലക്കേസിൽ നിങ്ങൾ പറയുന്ന സി.പി.എം നേതാക്കളെയടക്കം അറസ്റ്റ് ചെയ്തത് കേന്ദ്രസർക്കാരല്ല; കേരളത്തിലെ അന്വേഷണസംഘമാണ്. പാർട്ടി ജനറൽ സെക്രട്ടറി വ്യക്തമായി പറഞ്ഞിട്ടുണ്ട്, അവർക്കെതിരെയുള്ള കുറ്റപത്രം വരട്ടെ- അപ്പോൾ നോക്കാമെന്ന്. അതുതന്നെയാണ് എനിക്കും പറയാനുള്ളത്.
? നിയമസഭാ തിരഞ്ഞെടുപ്പ് തൂത്തുവാരും എന്നാണ് യു.ഡി.എഫ് അവകാശം.
അവകാശം ആർക്കും ഉന്നയിക്കാം. ഇടതുപക്ഷത്തെ സംബന്ധിച്ച് തദ്ദേശത്തിൽ തോൽവിയുണ്ടായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യങ്ങളെല്ലാം ഭദ്രമാണ്. കഴിഞ്ഞ പത്തുവർഷം ലോകത്തിനു തന്നെ മാതൃകയാക്കാവുന്ന വൻകിട വികസനങ്ങളും ചെറുകിട വികസനങ്ങളും നടത്തിയ സർക്കാരാണിത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. ദേശീയപാതാ വികസനം ഈ സർക്കാരിന്റെ ആർജ്ജവത്തിന്റെ പ്രതീകമാണ്. ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ഇവിടത്തെ സർക്കാർ സ്‌കൂളുകളുടെ മുഖംമാറ്റവും പെൻഷൻ അടക്കമുള്ള ജനകീയ വിഷയങ്ങളും എല്ലാം ജനം ഇത്തവണ ചർച്ചചെയ്യും.
? ഇത്തവണയും പേരാമ്പ്രയിൽ മത്സരിക്കുമോ.
അതിന് പ്രസക്തിയില്ല. 1968 മുതൽ പാർട്ടി പറയുന്നത് അക്ഷരംപ്രതി അനുസരിച്ച് മുന്നോട്ടു പോകുന്ന ആളാണ്. ഞാൻ ഏതൊക്കെ സ്ഥാനത്തിരുന്നിട്ടുണ്ടോ; അതൊന്നും ചോദിച്ചു വാങ്ങിയതല്ല. പാർട്ടി തന്നതാണ്. പാർട്ടി പറയുന്നത് അനുസരിക്കും. അത് എന്റെ ഉത്തരവാദിത്വമാണ്.