കേരളകൗമുദി വാർത്തയിൽ അതിവേഗ നടപടി,​ ആ കണ്ണീർ സർക്കാർ കണ്ടു; സച്ചുവിന് 15 ലക്ഷത്തിന്റെ വീട്

Saturday 17 January 2026 12:23 AM IST

തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മകന്റെ നേട്ടങ്ങൾക്കിടയിലും സാമ്പത്തിക ബുദ്ധിമുട്ടോർത്ത് കണ്ണീരണിഞ്ഞ അമ്മയ്ക്ക് കരുതലായി സർക്കാർ. ഇവർക്ക് വിദ്യാഭ്യാസ വകുപ്പ് 15 ലക്ഷം രൂപയുടെ വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. കാസർകോട് കമ്പല്ലൂർ ജി.എച്ച്.എസ്.എസിലെ പ്ലസ്‌വൺ വിദ്യാർത്ഥി സച്ചു സതീഷിന്റെ കലോത്സവ നേട്ടങ്ങൾക്കായി രാവന്തിയോളം കൂലിവേല ചെയ്യുന്ന അമ്മ ബിന്ദുവിന്റെ കഷ്ടപ്പാട് ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ചിരുന്നു. തുടർന്നാണ് മന്ത്രി ഇടപെട്ടത്.

ഭർത്താവിന്റെ മരണശേഷം കൂലിപ്പണിയും തൊഴിലുറപ്പും ചെയ്ത് മകനെ വളർത്തുകയും ലോണെടുത്ത് നൃത്തം പഠിപ്പിക്കുകയും ചെയ്ത ബിന്ദുവിന് സ്വന്തമായി ഒരു വീട് എന്നതായിരുന്നു സ്വപ്നം. സച്ചു ഹയർസെക്കൻഡറി വിഭാഗം ആൺകുട്ടികളുടെ ഭരതനാട്യത്തിലും കേരളനടനത്തിലും എ ഗ്രേഡ് നേടിയിരുന്നു.

കേരളകൗമുദി വാർത്ത കണ്ട മന്ത്രി സച്ചുവിനെയും ബിന്ദുവിനെയും തൃശൂർ രാമനിലയം ഗസ്റ്റ് ഹൗസിലേക്ക് വിളിപ്പിക്കുകയായിരുന്നു. സ്‌കൂളിലെ അദ്ധ്യാപകൻ ബൈജുവും ഇവർക്കൊപ്പമുണ്ടായിരുന്നു. സച്ചുവും അമ്മയും നൽകിയ അപേക്ഷ പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ.ഉമേഷിന് മന്ത്രി കൈമാറി.

എം.എൽ.എയ്ക്ക് ചുമതല

ആറുമാസം മുൻപ് ഹൃദയാഘാതം മൂലം മരിച്ച സച്ചുവിന്റെ പിതാവ് പി.ആർ.സതീഷിന്റെ പേരിലുള്ള വസ്തുവുമായി ബന്ധപ്പെട്ട തർക്കം തീർക്കാനും വീട് നിർമ്മാണത്തിന്റെ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കാനും തൃക്കരിപ്പൂർ എം.എൽ.എ എം.രാജഗോപാലനെ മന്ത്രി ചുമതലപ്പെടുത്തി. ഈ വർഷം നടന്ന സംസ്ഥാന സ്‌കൂൾ കായികമേളയിൽ സ്വർണം നേടിയവരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 50 വിദ്യാർത്ഥികൾക്ക് 15 ലക്ഷത്തിന്റെ വീടുവച്ച് നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഇതിൽ ഒരു വീട് സച്ചുവിന് നൽകാനാണ് തീരുമാനം.

 കേരളകൗമുദി വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ തീരുമാനമെടുത്തു. നടപടികൾ വേഗത്തിലാക്കും

-മന്ത്രി വി.ശിവൻകുട്ടി