തടവുശിക്ഷ റദ്ദാക്കണം, തൊണ്ടിമുതല്‍ കേസില്‍ അപ്പീല്‍ നല്‍കി മുന്‍ മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: തൊണ്ടി മുതല്‍ കേസില്‍ തനിക്കെതിരായ തടവുശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ആന്റണി രാജു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആണ് മുന്‍ മന്ത്രി അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹര്‍ജിയില്‍ കോടതി നാളെ വാദം പരിഗണിക്കും. മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് ആന്റണി രാജുവിനെതിരെ വിധിച്ചിരുന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു. അപ്പീല്‍ പരിഗണിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികളിലേക്ക് കടക്കുക.
കേസില്‍ തടവ് ശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം എംഎല്‍എ ആയിരുന്ന ആന്റണി രാജുവിനെ അയോഗ്യനാക്കിയിരുന്നു. തൊണ്ടി മുതല്‍ കേസില്‍ സാധാരണഗതിയില്‍ 14 വര്‍ഷം വരെയാണ് തടവ് ശിക്ഷ. എന്നാല്‍, മൂന്ന് വര്‍ഷത്തെ പരമാവധി ശിക്ഷ മാത്രമാണ് നല്‍കിയിട്ടുള്ളത്. ഇത് പര്യാപ്തമല്ലെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.
ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ളതെളിവ് ഉണ്ടാക്കിയതിന് മൂന്ന് വര്‍ഷം തടവ് എന്നിങ്ങനെയാണ് ആന്റണി രാജുവിന് കോടതി ശിക്ഷ വിധിച്ചത്. തൊണ്ടിമുതലായ അടിവസ്ത്രത്തില്‍ തിരിമറി നടത്തി പ്രതിക്ക് ശിക്ഷയില്‍നിന്ന് രക്ഷപ്പെടാന്‍ അവസരമൊരുക്കി എന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. 1990 ലാണ് സംഭവം. ലഹരി മരുന്നുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ വിദേശിയെ കേസില്‍നിന്ന് രക്ഷപ്പെടുത്താന്‍ ആന്റണി രാജു തൊണ്ടി മുതലില്‍ കൃത്രിമം നടത്തിയെന്നാണ് കേസ്.