നാടിന്റെ നന്മയ്ക്ക് എ ഗ്രേഡിന്റെ നന്ദി

Friday 16 January 2026 8:29 PM IST

തൃശൂർ: സങ്കടങ്ങളെല്ലാം വടക്കുംനാഥന് മുന്നിൽ പ്രാർത്ഥനകളായി സമർപ്പിച്ചശേഷമാണ് ശ്രീവിദ്യ യദുകൃഷ്ണനൊപ്പം നടനവേദിക്കരികിലെത്തിയത്. അച്ഛനുള്ള സമർപ്പണമാണ് യദുവിന് നൃത്തം. മലപ്പുറം പട്ടിക്കാട് ജി.എച്ച്.എസ്.എസിലെ പ്ളസ് വൺ വിദ്യാർത്ഥി യദുകൃഷ്ണൻ തന്നെയും കുടുംബത്തെയും അനാഥമാക്കാതെ ചേർത്തുപിടിച്ച നാടിന് കലയിലൂടെ 'എ' ഗ്രേഡിന്റെ നന്ദിയും നൽകി.

14 വർഷം മുൻപ് യദുകൃഷ്ണന്റെ പിതാവ് കെ.ഹരിദാസ് ബൈക്കപകടത്തിൽ മരണപ്പെട്ടു. മകനെ നർത്തകനാക്കാൻ ആഗ്രഹിച്ച പിതാവ് യദുവിന് ചെറുപ്രായത്തിലെ ചിലങ്കകെട്ടിക്കൊടുത്തു. ചെറിയച്ഛനെ ഗുരുവാക്കി. യദുകൃഷ്ണൻ അരങ്ങിലെത്തുംമുൻപെ ഹരിദാസ് മടങ്ങി. താളംതെറ്റിയ കുടുംബത്തിന് നാട് തണലായി. നാട്ടുകാർ സമാഹരിച്ച തുകയിൽ നിന്നും യദുവിന്റെ കുടുംബത്തിന് അടച്ചുറപ്പുള്ള വീട് പണിതു, മക്കളുടെ പഠനത്തിനായി നല്ലൊരു തുക ബാങ്കിൽ നിക്ഷേപിച്ചു. ഫീസ് വാങ്ങാതെ രാവും പകലുമായി ചെറിയച്ഛൻ നൃത്തം പഠിപ്പിച്ചു, വീട്ടിലിരുന്ന് ശ്രീവിദ്യ തുന്നൽ ജോലികൾ ചെയ്യുമ്പോൾ അതിനും നാടിന്റെ കരുതലുണ്ടായി. പരിമിതികൾക്കിടയിൽ വാടകയ്ക്കെടുത്ത വേഷങ്ങളണിഞ്ഞാണ് യദുകൃഷ്ണൻ അരങ്ങിലെത്തിയത്. ജ്യേഷ്ഠൻ ജയകൃഷ്ണൻ ബിരുദപഠനത്തിന് ശേഷം കുടുംബഭാരം പങ്കിടാൻ തയ്യാറെടുക്കുമ്പോൾ, യദു തന്റെ ചിലങ്കക്കിലുക്കത്തിൽ അച്ഛന്റെ ഓർമ്മകളെ ഉണർത്തുകയാണ്.