ഡിസൈന്‍ ഇഷ്ടപ്പെട്ടു, ഒരു ചിത്രം എടുത്തോട്ടെ? വള ഊരി നല്‍കി യുവതി

Friday 16 January 2026 8:53 PM IST

പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അപരിചിതരായ വ്യക്തികള്‍ക്ക് ഒപ്പം യാത്ര ചെയ്യേണ്ടി വരും. ഇത്തരം യാത്രകളില്‍ പലപ്പോഴും തട്ടിപ്പും മോഷണവുമെല്ലാം അരങ്ങേറാറുമുണ്ട്. എന്നാല്‍ സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ് ഒരു യുവതിയുടെ അനുഭവം വിവരിച്ചുകൊണ്ടുള്ള കുറിപ്പ്. ബംഗുളൂരുവിലെ മെട്രോ യാത്രയ്ക്കിടെ യുവതിക്കുണ്ടായ അനുഭവം റിതു ജൂണ്‍ എന്ന പേരിലുള്ള എക്സ് അക്കൗണ്ടിലൂടെയാണ് പുറത്തുവന്നത്.

മെട്രോ റെയിലില്‍ യാത്ര ചെയ്യവെ തന്റെ സമീപമിരുന്ന ഒരു പെണ്‍കുട്ടി അണിഞ്ഞിരുന്ന വള യുവതിയുടെ ശ്രദ്ധയില്‍പ്പെട്ടു. വളയുടെ ഡിസൈന്‍ ഇഷ്ടപ്പെട്ടപ്പോള്‍ തനിക്ക് അതുപോലൊന്ന് പണികഴിപ്പിക്കാനായി വളയുടെ ഒരു ചിത്രം പകര്‍ത്തട്ടെ എന്ന് അനുവാദം ചോദിച്ചു. യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, പെണ്‍കുട്ടി വളയൂരി നല്‍കുകയായിരുന്നു. അത് സ്വര്‍ണമാണെന്ന് തെറ്റിദ്ധരിച്ച യുവതി, പെണ്‍കുട്ടിയുടെ ഊഷ്മളവും അപ്രതീക്ഷിതമായ പ്രവൃത്തിയില്‍ ഞെട്ടിപ്പോയി. എന്നാല്‍ താന്‍ അണിഞ്ഞിരുന്ന വള സ്വര്‍ണമല്ലെന്ന് പെണ്‍കുട്ടി യുവതിയോട് പറയുകയായിരുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

'ഒരു ദിവസം മെട്രോയില്‍ യാത്ര ചെയ്യുമ്പോള്‍, സമീപമിരുന്ന പെണ്‍കുട്ടി അണിഞ്ഞിരുന്ന സ്വര്‍ണ വള എന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ വള ഇഷ്ടപ്പെട്ടതിനാല്‍ അതുപോലൊന്ന് നിര്‍മിക്കാന്‍ സ്വര്‍ണപ്പണിക്കാരനെ കാണിക്കാനായി ഒരു ചിത്രം എടുത്തോട്ടേ എന്ന് ഞാനവരോട് ചോദിച്ചു.

എന്നാല്‍ ചിത്രമെടുക്കാന്‍ അനുവദിക്കുന്നതിന് പകരം സ്വര്‍ണപ്പണിക്കാരന് വളയുടെ ഡിസൈന്‍ നന്നായി മനസ്സിലാക്കാന്‍ ഇത് സഹായിക്കുമെന്ന് പറഞ്ഞുകൊണ്ട് ആ വളയൂരി പെണ്‍കുട്ടി എനിക്ക് തന്നു. അപ്രതീക്ഷിതമായ ഈ പ്രവൃത്തി കണ്ട് ഞാന്‍ ഞെട്ടിപ്പോയി. അപ്പോള്‍ അത് സ്വര്‍ണവളയല്ലെന്ന് അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. അവളുടെ ദയാവായ്പോടെയുള്ള പ്രവൃത്തിയുടെ ഓര്‍മയ്ക്കായി ഞാന്‍ ആ വള കൈയില്‍ത്തന്നെ സൂക്ഷിച്ചു. എല്ലാ മെട്രോ കഥകളും മോശമായവയല്ല, ചിലതെല്ലാം വളരെ മനോഹരമാണ്.'