പദ്മനാഭസ്വാമി ക്ഷേത്രം അറ്റകുറ്റപ്പണി: റിപ്പോർട്ട് സമർപ്പിക്കണം

Saturday 17 January 2026 12:39 AM IST

കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂലബിംബം അടക്കം അറ്റകുറ്റപ്പണി നടത്തുന്നതിൽ 22ന് ചേരുന്ന നിർവാഹകസമിതി യോഗം തീരുമാനമെടുക്കും. ഇക്കാര്യം ക്ഷേത്രഭരണസമിതി ഹൈക്കോടതിയിൽ അറിയിച്ചു. ഇതുസംബന്ധിച്ച് 27ന് റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദ്ദേശിച്ചു.

മുഖ്യതന്ത്രിയുടെ നിർദ്ദേശപ്രകാരമുള്ള പണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് കോടതി നേരത്തേ അഭിപ്രായപ്പെട്ടിരുന്നു. ക്ഷേത്രോപദേശകസമിതി മേൽനോട്ടം വഹിക്കുന്നതാണ് ഉചിതമെന്നും വ്യക്തമാക്കിയിരുന്നു. തുടർന്ന് ശില്പികളെ തീരുമാനിച്ചെങ്കിലും ലക്ഷദീപച്ചടങ്ങുകൾ നടക്കുന്നതിനാൽ പണികൾ നീണ്ടുപോയി. പ്രധാന വിഗ്രഹത്തിലെ കേടുപാടുകൾ തീർക്കാൻ നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കായംകുളം സ്വദേശി അഡ്വ. ആർ.രാജശേഖരൻ പിള്ള ഫയൽചെയ്ത ഹർജിയാണ് കോടതി പരിഗണിക്കുന്നത്.