കൂപ്പുകുത്തി നേന്ത്രക്കായ വില; ക്വിന്റലിന് 1600 രൂപ

Saturday 17 January 2026 1:55 AM IST
നേന്ത്രക്കായ.

പാലക്കാട്: ജില്ലയിലെ കർഷകരുടെ പ്രധാന വിളകളിലൊന്നായ നേന്ത്രക്കായയ്ക്ക് വില കുത്തനെ ഇടിഞ്ഞു. ഒരു മാസം മുൻപു ക്വിന്റലിന് 2600 രൂപ വരെ ലഭിച്ചിരുന്ന കായയ്ക്ക് ഇപ്പോൾ 1600 രൂപ പോലും വില ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു. കർണാടകയിലും തമിഴ്നാട്ടിലും നേന്ത്രവാഴക്കൃഷി വർദ്ധിച്ചതാണ് വിലയിടിവിന് പ്രധാന കാരണം. മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണിപ്പോഴെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ഓണക്കാലത്ത് കിലോയ്ക്ക് 60-70 രൂപ ലഭിച്ചിരുന്ന നേന്ത്രക്കായയ്ക്ക് ഇപ്പോൾ 20 രൂപ പോലും ലഭിക്കുന്നില്ല. കഴിഞ്ഞ മാസം കിലോയ്ക്ക് 24-26 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോൾ ആ വിലയ്ക്ക് പോലും കായ എടുക്കാൻ ആളില്ല. ഉൽപാദന ചെലവ് പോലും ലഭിക്കാത്ത സാഹചര്യത്തിൽ വൻതുക മുടക്കി കൃഷിയിറക്കിയവർ എന്തു ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലാണ്. കർണാടകയിലും തമിഴ്നാട്ടിലും കിലോയ്ക്ക് 16രൂപ നിരക്കിൽ വൻതോതിൽ വാഴക്കുലകൾ വിപണിയിൽ എത്തുന്നുണ്ട്. ഇവ ആവശ്യക്കാർക്ക് ലോറിയിൽ അതത് സ്ഥലങ്ങളിൽ എത്തിച്ചു നൽകുന്നതാണ് കർഷകരെ കൂടുതൽ പ്രതിസന്ധിയിലാക്കിയത്. ഒരുനേന്ത്രവാഴ നട്ടുപരിപാലിച്ച് കുല പാകമായി വരാൻ 150 രൂപയിലേറെ ചെലവ് വരും. ഇതിൽനിന്ന് ഒമ്പത് കിലോ തൂക്കമുള്ള കുല ലഭിച്ചാൽ പോലും വിറ്റഴിച്ചാൽ മുതലാകില്ല. പലരും ബാങ്കുകളിൽനിന്ന് വായ്പ എടുത്തും പലിശയ്ക്ക് പണം വാങ്ങിയും പാട്ടത്തിന് സ്ഥലമെടുത്തുമാണ് കൃഷി നടത്തുന്നത്. വിലയിടിവും ഇതര ജില്ലകളിൽ നിന്നുള്ള ഇറക്കുമതിയും കാരണം പാകമായ കുലകൾ വെട്ടാൻ പറ്റാത്ത അവസ്ഥയിലാണ്. ഹോർട്ടികോർപ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ (വി.എഫ്.പി.സി.കെ) സംവിധാനങ്ങൾ പരാജയപ്പെട്ട നിലയിലാണെന്നും കർഷകർ പറഞ്ഞു. വാഴക്കുല സംഭരണം നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഹോർട്ടികോർപ് വിപണിയിൽ ഇടപെടുന്നില്ല. നേരത്തെ 32 രൂപ താങ്ങുവില വി.എഫ്.പി.സി.കെ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇപ്പോൾ അതും ഇല്ലാത്ത സ്ഥിതിയാണ്. 2019നു ശേഷം പ്രകൃതിക്ഷോഭത്തിൽ വാഴകൃഷി നശിച്ചവർക്കുള്ള നഷ്ടപരിഹാരം ഇതുവരെ ലഭിച്ചിട്ടില്ല. കൃഷി ഇൻഷ്വർ ചെയ്തവർക്ക് കൃഷി നശിച്ചതിന് 2025ൽ നഷ്ടപരിഹാരവും കിട്ടിയിട്ടില്ല. ഈ വിഷയങ്ങളിൽ കൃഷി വകുപ്പും സർക്കാരും അടിയന്തരമായി പരിഹാരം കാണണമെന്നാണ് വാഴക്കർഷകരുടെ ആവശ്യം.