പൊള്ളാച്ചി വഴിയുള്ള അമൃത് ഭാരത് എക്സ്‌പ്രസ് ഉദ്ഘാടനം ഇന്ന്

Saturday 17 January 2026 1:15 AM IST
അമൃത് ഭാരത് എക്സ്‌പ്രസ്.

പാലക്കാട്: വെസ്റ്റ് ബംഗാളിലെ രംഗപാണിയിൽ നിന്ന് പൊള്ളാച്ചി വഴി നാഗർകോവിൽ വരെയുള്ള അമൃത് ഭാരത് എക്സ്‌പ്രസ്(20603-04)​ ഉദ്ഘാടന സർവീസ് ഇന്ന്. ട്രെയിൻ കേരളത്തിൽ പ്രവേശിക്കുന്നില്ലെങ്കിലും പൊള്ളാച്ചിയിൽ സ്റ്റോപ്പ് ഉള്ളതിനാൽ പാലക്കാട്,​ തൃശൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നുള്ള യാത്രക്കാർക്കും ഈ ട്രെയിനിന്റെ സർവീസ് ഗുണകരമാകും. സാധാരണക്കാർക്ക് താങ്ങാവുന്ന ടിക്കറ്റ് നിരക്കിൽ വേഗതയേറിയ യാത്ര നൽകും എന്നതാണ് അമൃത് ഭാരത് എക്‌പ്രസിന്റെ സവിശേഷത. മണിക്കൂറിൽ 130 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന അമൃത് ഭാരത് ട്രെയിനുകൾ സെമി ഹൈ സ്പീഡ് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. കേരളത്തിന് ഇത്തരം മൂന്ന് ട്രെയിനുകൾ റെയിൽവേ അനുവദിച്ചിട്ടുണ്ട്. ഇവയുടെ സർവീസ് ഉടൻ ആരംഭിക്കും.

രംഗപാണി-നാഗർകോവിൽ ജംഗ്ഷൻ അമൃത് ഭാരത് എക്സ്‌പ്രസ് ഇന്ന് ഉച്ചയ്ക്ക് 1.45ന് രംഗപാണിയിൽ നിന്ന് പുറപ്പെടും. തിങ്കളാഴ്ച രാവിലെ 9.50ന് കോയമ്പത്തൂരിലും 10.40ന് പൊള്ളാച്ചി ജംഗ്ഷനിലും 11.50ന് പളനിയിലും രാത്രി 7.15ന് നാഗർകോവിലിലും എത്തും. എ.സി കോച്ചുകൾ ഇല്ലാത്ത ട്രെയിനിൽ ജനറൽ ക്ലാസ് കംപാർട്ട്മെന്റുകൾ കൂടുതലുണ്ടായിരിക്കും. ഇതു കൂടുതൽ പേർക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാൻ സഹായിക്കും. ദക്ഷിണേന്ത്യയെയും ഉത്തരേന്ത്യയെയും ബന്ധിപ്പിക്കുന്ന ട്രെയിൻ വിനോദ സഞ്ചാരം,​ വ്യാപാരം,​ കാർഷിക വിളകളുടെ നീക്കം എന്നിവ സുഗമമാക്കാനും സഹായിക്കുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. രംഗപാണി-നാഗർകോവിൽ ജംഗ്ഷൻ അമൃത് ഭാരത് ട്രെയിനിന്റെ സ്ഥിരം സർവീസിന്റെ സമയക്രമം റെയിൽവേ പിന്നീട് പുറത്തുവിടും. 8 സ്ലീപ്പർ ക്ലാസ് കോച്ചുകളും 11 ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളും 2 ജനറൽ സെക്കൻഡ് ക്ലാസ് കം ലഗേജ് ബ്രേക്ക് വാൻ കോച്ചുകളും ഒരു പാൻട്രി കാറും ആണ് ട്രെയിനിലുള്ളത്.